കൊച്ചി
മുന്നാംഡോസ് വാക്സിൻ നൽകാനാകില്ലെന്ന നിലപാട് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ ആവർത്തിച്ചു. ഒരാൾക്ക് ഒന്നിലധികം വാക്സിൻ നൽകാൻ അനുമതിയില്ലെന്നും ഇതിനുള്ള ക്ലിനിക്കൽ പരീക്ഷണങ്ങൾ രാജ്യത്ത് ആരംഭിച്ചിട്ടേയുള്ളുവെന്നും കേന്ദ്രം വ്യക്തമാക്കി. മിക്സ് വാക്സിൻ നൽകി പാർശ്വഫലങ്ങൾ ഉണ്ടായാൽ അത് വാക്സിൻ പദ്ധതിയെ ബാധിക്കുമെന്നും സർക്കാരിന്റെയും കോടതിയുടെയും വിശ്വാസ്യതയെ ബാധിക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
കൊറോണ വാക്സിന്റെ അന്താരാഷ്ട്ര അംഗീകാരമുള്ള അധികഡോസ് നൽകാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി ഗിരികുമാർ തെക്കൻ സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രസർക്കാർ നിലപാട് അറിയിച്ചത്.
രണ്ട് ഡോസ് കോവാക്സിൻ സ്വീകരിച്ചെന്നും അതിന് അംഗീകാരമില്ലാത്തതിനാൽ സൗദി അറേബ്യയിലേക്ക് പോകാനാകുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. ജോലി നഷ്ടമാകുന്ന വിഷയമായതിനാൽ അടിയന്തരമായി നിലപാട് അറിയിക്കണമെന്ന് കോടതി കേന്ദ്രത്തോട് നിർദേശിച്ചിരുന്നു. ഹർജിക്കാരന് സ്വന്തം ഉത്തരവാദിത്തത്തിൽ വാക്സിൻ നൽകുന്നതിനെക്കുറിച്ച് കോടതി അഭിപ്രായം ആരാഞ്ഞതിനും കേന്ദ്രം അനുകൂലനിലപാടല്ല സ്വീകരിച്ചത്. കേന്ദ്ര സർക്കാരിനോട് സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശിച്ച കോടതി മറുപടി സമർപ്പിക്കാൻ ഹർജിക്കാരനോടും നിർദേശിച്ചു.