തിരുവനന്തപുരം
പി കെ കുഞ്ഞാലിക്കുട്ടിയും പി ജെ ജോസഫും തെരഞ്ഞെടുപ്പുതോൽവിക്ക് കാരണക്കാരായെന്ന് കെപിസിസി സമിതിയുടെ റിപ്പോർട്ട്. പുതിയ കണ്ടെത്തൽ യുഡിഎഫിൽ കടുത്ത വിവാദത്തിന് വഴിതുറന്നു. കുഞ്ഞാലിക്കുട്ടി ലോക്സഭയിലേക്കും നിയമസഭയിലേക്കും മാറിമാറി മത്സരിച്ചതും പി ജെ ജോസഫ് പക്ഷത്തിന് ജനപിന്തുണ ഇല്ലെന്നുമുള്ള റിപ്പോർട്ടാണ് പുതിയ യുദ്ധമുഖം തുറന്നത്. കേരള കോൺഗ്രസ് ജോസ് പക്ഷത്തെ പരോക്ഷമായി പിന്തുണച്ച റിപ്പോർട്ടിൽ ജോസഫ് വിഭാഗം കടുത്ത അമർഷത്തിലാണ്. ആഭ്യന്തര കലഹം മൂർച്ഛിച്ച മുസ്ലിംലീഗാകട്ടെ മൗനത്തിലും.
യുഡിഎഫിൽ ഉറച്ചുനിന്ന തങ്ങളെ ഒറ്റപ്പെടുത്താനുള്ള കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ നീക്കമാണ് ഇതെന്ന് ജോസഫ് പക്ഷ നേതാക്കൾ തുറന്നടിച്ചു. ഘടകകക്ഷികളെ പഴിച്ച് തടിതപ്പാനുള്ള കോൺഗ്രസിന്റെ തന്ത്രമാണ് ഇതെന്നും ഇവർ പറയുന്നു . മാണി വിഭാഗം യുഡിഎഫ് വിട്ടത് മധ്യകേരളത്തിൽ പരമ്പരാഗത വോട്ട് ചോർത്തിയെന്നും ഇത് തടയാൻ ജോസഫ് പക്ഷത്തിനായില്ലെന്നുമാണ് കെപിസിസി സമിതിയുടെ കണ്ടെത്തൽ. സംഘടനാ ശേഷിയില്ലെന്ന വിമർശവും ജോസഫ് ഗ്രൂപ്പിനെ കുപിതരാക്കി. മുതിർന്ന നേതാവായ പി ജെ ജോസഫിനെ വ്യക്തിപരമായി അവഹേളിച്ചെന്ന് നേതാക്കൾ ആരോപിച്ചു.
ലോക്സഭാംഗത്വം രാജിവച്ച് പി കെ കുഞ്ഞാലിക്കുട്ടി മത്സരിച്ചത് ജനങ്ങൾക്കിടയിൽ അവമതിപ്പുളവാക്കിയെന്നും റിപ്പോർട്ടിലുണ്ട്. യുഡിഎഫിൽ അപ്രമാദിത്വമുള്ള കുഞ്ഞാലിക്കുട്ടിക്കുനേരെ ഒറ്റതിരിഞ്ഞുള്ള ആക്രമണം മറ്റുചില കണക്കുകൂട്ടലോടെയാണ്. ലീഗിൽ ഒറ്റപ്പെട്ടിരിക്കുന്ന കുഞ്ഞാലിക്കുട്ടിയെ ഇത് കൂടുതൽ ദുർബലനാക്കും.
രൂക്ഷമായ കുറ്റപ്പെടുത്തലിൽ പ്രതികരിക്കാൻ കുഞ്ഞാലിക്കുട്ടിയോ ലീഗ് നേതാക്കളോ തയ്യാറായിട്ടില്ല. ജോസഫ് ഗ്രൂപ്പിനു പിന്നാലെ മുസ്ലിംലീഗും ചൊടിച്ചാൽ തോൽവി സംബന്ധിച്ച റിപ്പോർട്ട് തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയിലാകും കോൺഗ്രസ്.