കൊച്ചി
വിദ്യാർഥികൾക്ക് ഈ അധ്യയനവർഷം ഗ്രേസ് മാർക്ക് നൽകേണ്ടെന്ന സർക്കാർ തീരുമാനം ഹൈക്കോടതി ശരിവച്ചു. പത്താംക്ലാസ് വിദ്യാർഥികൾക്ക് രണ്ട് ബോണസ് പോയിന്റ് നൽകാനുള്ള തീരുമാനം അംഗീകരിച്ചു. സർക്കാർ തീരുമാനം ചോദ്യംചെയ്ത് കെഎസ്യുവും ഏതാനും വിദ്യാർഥികളും സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജികളാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ബെഞ്ച് തള്ളിയത്.
വിദ്യാർഥികൾക്ക് എട്ടിലും ഒമ്പതിലും ലഭിച്ച ഗ്രേസ് മാർക്ക് ഈ വർഷവും നൽകണമെന്നായിരുന്നു ആവശ്യം. പത്താംക്ലാസ് വിദ്യാർഥികൾക്ക് രണ്ട് ബോണസ് പോയിന്റ് നൽകുമെന്നും പ്ലസ് വൺ പ്രവേശനത്തിന് ഈ പോയിന്റ് കൂട്ടുമെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. കോവിഡിൽ സ്കുളുകൾ പൂട്ടിയതിനാൽ വിദ്യാർഥികൾക്ക് പഠനസമയം നഷ്ടമായിട്ടില്ല. അതിനാൽ എൻസിസി, സ്കൗട്ട്, എൻഎസ്എസ് തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഗ്രേസ് മാർക്ക് നൽകേണ്ടതില്ല എന്നായിരുന്നു സർക്കാർ തീരുമാനം.