തിരുവനന്തപുരം
കേരളതീരത്ത് ജെല്ലിഫിഷുകൾ (കടൽച്ചൊറി) വർധിക്കുന്നത് മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കുമെന്ന് ആശങ്ക. കഴിഞ്ഞ ദിവസം തിരുവനന്തപുരം ശംഖുംമുഖത്ത് വ്യാപകമായി ജെല്ലിഫിഷുകൾ അടിഞ്ഞു. മീൻപിടിത്തം, വിനോദസഞ്ചാരം എന്നിവയെ ബാധിക്കുന്ന രീതിയിൽ ഇവയുടെ ‘ബ്ലൂം’ വർധിക്കുന്നതായി കേരള സർവകലാശാല അക്വാട്ടിക് ബയോളജിവിഭാഗത്തിന്റെ പഠനത്തിൽ പറയുന്നു.
ജൂൺമുതൽ സെപ്തംബർവരെയാണ് ജെല്ലിഫിഷ് കൂട്ടത്തോടെ എത്തുന്ന ‘ബ്ലൂം പ്രതിഭാസം’. കമ്പവല ഉപയോഗിച്ച് മീൻ പിടിക്കുന്നവർക്ക് ഇത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. നൂറുകണക്കിനു ജെല്ലിഫിഷാണ് വലയിൽ കുടുങ്ങുന്നത്. വല പൊട്ടിച്ച് ഇവയെ കളയേണ്ടിവരും.
ജെല്ലിഫിഷുകൾ ചൊറിച്ചിൽ ഉണ്ടാകുന്നതിനാൽ കടലിൽ കുളിക്കാൻ കഴിയില്ല. ഇത് വിനോദസഞ്ചാരമേഖലയെയും ബാധിക്കുന്നു. മീനുകളുടെ ലാർവയെ ജെല്ലിഫിഷുകൾ ഭക്ഷിക്കുമെന്ന് കൊച്ചി സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനമുണ്ട്. കേരളത്തിൽ 25ൽ അധികം തരം ജെല്ലിഫിഷുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആഗോളതലത്തിൽ ജെല്ലിഫിഷുകൾ വർധിക്കുന്നതായി കേരള സർവകലാശാല അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗം മേധാവി ഡോ. എ ബിജുകുമാർ പറഞ്ഞു.