തിരുവനന്തപുരം
കിടത്തിച്ചികിൽസ ആവശ്യമില്ലാത്ത മാനസികപ്രശ്നമുള്ള തടവുകാർക്കായി ജയിൽ വകുപ്പ് സാനറ്റോറിയവും പ്രത്യേക ബ്ലോക്കും നിർമിക്കുന്നു. ജയിൽ അന്തരീക്ഷത്തിൽനിന്ന് മാറ്റി പരിചരിക്കാൻ കണ്ണൂർ, വിയ്യൂർ സെൻട്രൽ ജയിലിൽ പ്രത്യേക ബ്ലോക്കും നെട്ടുകാൽത്തേരി തുറന്ന ജയിലിൽ സാനറ്റോറിയവുമാണ് സ്ഥാപിക്കുന്നത്. ഇതിന് രണ്ട് കോടിരൂപ അനുവദിച്ചു. കൂടുതൽ സഹായം ആവശ്യപ്പെട്ട് ജയിൽ വകുപ്പ് ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് നൽകി.
സംസ്ഥാനത്തെ ജയിലുകളിലെ മുന്നൂറോളം തടവുകാർ മാനസിക പ്രശ്നമുള്ളവരാണ്. കിടത്തിചികിത്സ ആവശ്യമുള്ളവർ ആശുപത്രിയിലാണ്. ഊളംപാറ, തൃശൂർ, കുതിരവട്ടം സർക്കാർ മാനസിക ആരോഗ്യ കേന്ദ്രങ്ങളിലാണ് ചികിത്സ. ജയിലിലുള്ളവരിൽ പ്രത്യേക പരിചരണം ആവശ്യമുള്ളവരുണ്ട്. ഇവരെ സാധാരണ സെല്ലിൽനിന്ന് മാറ്റണം. മാനസിക പ്രശ്നമുള്ള തടവുകാരെ പ്രത്യേകം പാർപ്പിക്കണമെന്ന് കോടതി വിധിയുണ്ട്. തടവുകാരുടെ മാനസിക സംഘർഷം കുറയ്ക്കാൻ ജയിൽ വകുപ്പിൽ എട്ട് കൗൺസലർമാരും മൂന്ന് സൈക്കോളജിസ്റ്റുമുണ്ട്. ഇവരെ സാനറ്റോറിയത്തിൽ ഉപയോഗിക്കും. സുരക്ഷയ്ക്ക് വിമുക്ത ഭടൻമാരെയും നിയോഗിക്കും.