കൊച്ചി
നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിൽ പ്രതികൾക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകി ഒരുമാസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാനാകാതെ കസ്റ്റംസ്. ജൂലൈ 26നാണ് കേസിലെ 53 പ്രതികൾക്ക് 72 പേജുള്ള കുറ്റപത്രം നൽകിയത്. സ്വർണക്കടത്ത്, ഡോളർകടത്ത് കേസുകളിൽ എറ്റുവുമാദ്യം അന്വേഷണമാരംഭിച്ചത് കസ്റ്റംസാണെങ്കിലും കേന്ദ്ര ഏജൻസിക്കുമേലുണ്ടായ വിവിധ ഇടപെടലുകളും ഉദ്യോഗസ്ഥതല അഴിച്ചുപണികളും അന്വേഷണത്തെ സാരമായി ബാധിച്ചു. ആദ്യഘട്ടം അതിവേഗം പുരോഗമിച്ച കേസന്വേഷണം പ്രധാനപ്രതികളെയൊന്നും പിടികൂടാനാകാതെ കൂടുതൽ പ്രതിസന്ധിയിലു
മായി.
സ്വർണക്കടത്തുകേസിലെ പ്രധാനപ്രതി സന്ദീപ് നായരെയും ഡോളർ കടത്തുകേസിലും പ്രതികളായ സ്വപ്ന സുരേഷ്, പി എസ് സരിത്ത് എന്നിവരെയും മാപ്പുസാക്ഷിയാക്കാനാണ് കസ്റ്റംസ് ആലോചിക്കുന്നത്. പ്രധാന പ്രതികൾ വിദേശത്ത് ഒളിവിൽ തുടരുന്നതും സ്വർണക്കടത്തിലും ഡോളർ കടത്തിലും പ്രധാന പങ്കുവഹിച്ച യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥർ രാജ്യംവിട്ടുപോയതും കേസിനെ പ്രതിസന്ധിയിലാക്കിയിരുന്നു. അതിനാൽ പ്രധാന പ്രതികളെ മാപ്പുസാക്ഷിയാക്കി പ്രതിസന്ധി മറികടക്കാനാണ് നീക്കം.
മുൻമന്ത്രി കെ ടി ജലീലിനെയും മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണനെയും ഡോളർ കടത്തുകേസിൽ കസ്റ്റംസ് പലവട്ടം ചോദ്യം ചെയ്തിരുന്നു. മുഖ്യമന്ത്രിക്കെതിരെ തെളിവുനൽകാൻ പ്രധാനപ്രതികളെ ഭീഷണിപ്പെടുത്തിയതായും പരാതിയുയർന്നു. ഇവർക്കെതിരെ ഒരു തെളിവും കണ്ടെത്താനായില്ലെന്ന് പ്രതികൾക്ക് നൽകിയ കാരണംകാണിക്കൽ നോട്ടീസിൽ ഏറ്റുപറയേണ്ടിയും വന്നു.
അന്വേഷണത്തെ സ്വാധീനിക്കാൻ രാഷ്ട്രീയ പാർടികൾ ശ്രമിച്ചെന്ന് സ്ഥലംമാറിപ്പോയ കസ്റ്റംസ് കമീഷണർ സുമിത്കുമാർ പറഞ്ഞിരുന്നു. എന്നാൽ ഏതുപാർടിയാണെന്ന് വെളിപ്പെടുത്തിയില്ല. സുമിത് കുമാർ മൗനംപാലിച്ചത് ദുരൂഹമാണ്. പലപ്പോഴായുണ്ടായ ഇടപെടൽ അന്വേഷകസംഘത്തെ അതൃപ്തിയിലാക്കിയിരുന്നു.