കൊച്ചി
കാക്കനാടുനിന്ന് എംഡിഎംഎ പിടിച്ചെടുത്ത കേസിൽ എക്സൈസ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. എറണാകുളം എക്സൈസ് ഇൻസ്പെക്ടർ എൻ ശങ്കറിനെയാണ് സസ്പെൻഡ് ചെയ്തത്. സർക്കിൾ ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള നാല് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. കേസ് അന്വേഷണത്തിൽ ഗുരുതര വീഴ്ചവരുത്തിയെന്ന അഡീഷണൽ എക്സൈസ് കമീഷണർ അബ്ദുൾ റാഷിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എക്സൈസ് കമീഷണറാണ് ഉത്തരവിട്ടത്. കേസ് എക്സൈസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.
കേസ് അന്വേഷണത്തിലെ മേൽനോട്ടത്തിൽ വീഴ്ചവരുത്തിയതിന് സർക്കിൾ ഇൻസ്പെക്ടർ ജി വിനോജിനെ കാസർകോട് വെള്ളരിക്കുണ്ടിലേക്ക് സ്ഥലംമാറ്റി. റെയ്ഡിൽ പങ്കെടുത്ത പ്രിവന്റീവ് ഓഫീസർ കെ എസ് പ്രമോദ്, സിഇഒമാരായ എം എസ് ശിവകുമാർ, എം എ ഷിബു എന്നിവരെ മലപ്പുറം, ആലപ്പുഴ, തൃശൂർ എന്നിവിടങ്ങളിലേക്ക് സ്ഥലം മാറ്റി. കസ്റ്റഡിയിലെടുത്ത പ്രതികളിൽ രണ്ടുപേരെ കൃത്യമായി അന്വേഷിക്കാതെ വിട്ടയച്ചു, പിടിച്ചെടുത്ത പണം കൃത്യമായി തിട്ടപ്പെടുത്തിയില്ല, ഒമ്പത് ഫോണുകളിൽ അഞ്ചെണ്ണം പരിശോധിക്കാതെ തിരിച്ചുകൊടുത്തു, പിടിച്ചെടുത്ത മാൻകൊമ്പ് തൊണ്ടിയിൽ രേഖപ്പെടുത്തിയില്ല, കൂടുതൽ തെളിവുകൾ ലഭിക്കുമായിരുന്ന ലാപ്ടോപ് പിടിച്ചെടുത്തില്ല, ആദ്യ കേസ് രജിസ്റ്റർ ചെയ്തപ്പോൾ കൂടുതൽ അന്വേഷണം നടത്തിയില്ല, അന്വേഷണത്തിൽ പാലിക്കേണ്ട നിയമനിർദേശങ്ങൾ പാലിച്ചില്ല എന്നിവയാണ് കണ്ടെത്തലുകൾ.
ആഗസ്ത് 19-നാണ് കാക്കനാട്ടെ അപ്പാർട്മെന്റിൽനിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡും കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിൽ 84 ഗ്രാം എംഡിഎംഎയുമായി ഏഴുപേരെ കസ്റ്റഡിയിലെടുത്തു.
റെയ്ഡിൽ 1.115 കിലോ എംഡിഎംഎയും എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് കണ്ടെടുത്തു. കേസുമായി ബന്ധമില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയ യുവതിയെയും മറ്റൊരാളെയും വിട്ടയച്ചിരുന്നു. എക്സൈസ് കണ്ടെത്തിയ മാൻകൊമ്പ് വനംവകുപ്പ് പെരുമ്പാവൂർ എഫ്സിജെഎം കോടതിയിൽ ഹാജരാക്കി. കേസിൽ റിമാൻഡിൽ കഴിയുന്ന അഞ്ച് പ്രതികൾക്കെതിരെ വനംവകുപ്പ് കേസെടുത്തു.