ടൂറിൻ
ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിടാനൊരുങ്ങുന്നു. മാഞ്ചസ്റ്റർ സിറ്റിയാണ് പോർച്ചുഗീസ് മുന്നേറ്റക്കാരനായി രംഗത്തുള്ളത്. റൊണാൾഡോയുടെ ഏജന്റ് ഹൊർജെ മെൻഡിസ് ടൂറിനിലെ യുവന്റസ് ആസ്ഥാനത്തെത്തി ചർച്ച നടത്തും.
2018ൽ റയൽ മാഡ്രിഡിൽനിന്ന് ഇറ്റലിയിലേക്ക് ചേക്കേറിയ റൊണാൾഡോക്ക് ഒരുവർഷംകൂടി കരാർ ബാക്കിയുണ്ട്. അതിനാൽ മുപ്പത്താറുകാരനെ വിട്ടുകിട്ടാൻ സിറ്റി യുവന്റസിന് കെെമാറ്റത്തുക നൽകണം. 244 കോടി രൂപയാണ് യുവന്റസിന്റെ ആവശ്യം. ഈ കാര്യത്തിലാകും മെൻഡിസും യുവന്റസ് മാനേജ്മെന്റും ചർച്ച നടത്തുക.
കഴിഞ്ഞ സീസൺതൊട്ട് യുവന്റസിൽ റൊണാൾഡോ അതൃപ്തനാണ്. ഇറ്റാലിയൻ ലീഗിൽ പത്തുവർഷത്തിനുശേഷം കിരീടം നഷ്ടമാകുകയും ചാമ്പ്യൻസ് ലീഗിൽ മങ്ങുകയും ചെയ്തു. പരിശീലകൻ ആന്ദ്രേ പിർലോയെ പുറത്താക്കിയ യുവന്റസ് പഴയ ചാണക്യൻ മാസിമില്ലിയാനോ അല്ലെഗ്രിയെ തിരികെയെത്തിച്ചു. ഇറ്റാലിയൻ ലീഗിന്റെ പുതിയ പതിപ്പിലെ ആദ്യകളിയിൽ പകരക്കാരനായാണ് റൊണാൾഡോ എത്തിയത്.ടോട്ടനം ഹോട്സ്പറിന്റെ ഹാരി കെയ്നെയായിരുന്നു സിറ്റി ആദ്യം ലക്ഷ്യമിട്ടത്.