ഇസ്താംബുൾ
ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ഗ്രൂപ്പ്ഘട്ടം മുതൽ തീപാറും പോരാട്ടങ്ങൾ. മാഞ്ചസ്റ്റർ സിറ്റി, പിഎസ്ജി, ആർ ബി ലെയ്–പ്–സിഗ് എന്നീ ടീമുകൾ ഉൾപ്പെടുന്ന എ ഗ്രൂപ്പാണ് മരണഗ്രൂപ്പ്. ഇ ഗ്രൂപ്പിൽ ബാഴ്സലോണയും ബയേൺ മ്യൂണിക്കും നേർക്കുനേർ എത്തും. നിലവിലെ ചാമ്പ്യൻമാരായ ചെൽസിക്ക് യുവന്റസാണ് പ്രാഥമികഘട്ടത്തിലെ മുഖ്യഎതിരാളി.
ഇസ്താംബുളിൽ നടന്ന ചടങ്ങിലായിരുന്നു പുതിയ സീസണിലെ ഗ്രൂപ്പ് നിർണയ നറുക്കെടുപ്പ് നടന്നത്. ആകെ 32 ടീമുകളാണ്. നാല് ടീമുകൾ അടങ്ങുന്ന എട്ട് ഗ്രൂപ്പുകളാണ് പ്രാഥമികഘട്ടത്തിൽ. ഗ്രൂപ്പിലെ മികച്ച രണ്ട് സ്ഥാനക്കാർ പ്രീ ക്വാർട്ടറിൽ കടക്കും.
സെപ്തംബർ 14നാണ് ആദ്യറൗണ്ട് മത്സരങ്ങൾ തുടങ്ങുന്നത്. മെയ് 28ന് റഷ്യയിലെ സെന്റ്പീറ്റേഴ്സ്ബർഗിലാണ് ഫെെനൽ. യൂറോപ്പിലെ 15 രാജ്യങ്ങളിൽനിന്നുള്ള 32 ക്ലബ്ബുകളാണ് ലീഗിന്. 26 ടീമുകൾ നേരിട്ട് യോഗ്യത നേടിയപ്പോൾ ആറ് ക്ലബ്ബുകൾ പ്ലേ ഓഫ് കളിച്ചെത്തി. എട്ട് ടീമുകളെ നാല് ഗ്രൂപ്പുകളിൽ ഉൾപ്പെടുത്തിയായിരുന്നു നറുക്കെടുപ്പ്. മോൾഡോവൻ ക്ലബ് എഫ്സി ഷെരീഫ് കന്നി ചാമ്പ്യൻസ് ലീഗിനാണ്.
ഗ്രൂപ്പ് എ: മാഞ്ചസ്റ്റർ സിറ്റി, പിഎസ്ജി, ആർ ബി ലെയ്–പ്–സിഗ്, ക്ലബ്ബ് ബ്രുജ്. ഗ്രൂപ്പ് ബി: അത്–ലറ്റികോ മാഡ്രിഡ്, ലിവർപൂൾ, എഫ്സി പോർട്ടോ, എസി മിലാൻ. ഗ്രൂപ്പ് സി: സ്പോർടിങ് ലിസ്ബൺ, ബൊറൂസിയ ഡോർട്ട്മുണ്ട്, അയാക്–സ് ആംസ്റ്റർഡാം, ബെസിക്–തസ്. ഗ്രൂപ്പ് ഡി: ഇന്റർ മിലാൻ, റയൽ മാഡ്രിഡ്, ഷാക്തർ ഡെണെസ്തക്, ഷെരീഫ്. ഗ്രൂപ്പ് ഇ: ബയേൺ മ്യൂണിക്ക്, ബാഴ്സലോണ, ബെൻഫിക്ക, ഡെെനാമോ കീവ്. ഗ്രൂപ്പ് എഫ്: വിയ്യാറയൽ, മാഞ്ചസ്റ്റർ യുണെെറ്റഡ്, അറ്റ്–ലാന്റ, യങ് ബോയ്സ്. ഗ്രൂപ്പ് ജി: ലില്ലെ, സെവിയ്യ, എഫ്സി സാൾസ്ബുർഗ്, വൂൾഫ്ബുർഗ്. ഗ്രൂപ്പ് എച്ച്: ചെൽസി, യുവന്റസ്, സെനിത്, മാൽമോ.