കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിയിൽ ആരോഗ്യപ്രവർത്തകർക്ക് മർദനം. വനിത ജീവനക്കാരി ഉൾപ്പെടെയുള്ള മൂന്ന് ആരോഗ്യപ്രവർത്തകരെ വാക്സിൻ എടുക്കാൻ എത്തിയ ആൾ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി. മർദനത്തിൽ പരിക്കേറ്റവരെ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലപ്പുറം കൊണ്ടോട്ടി ചിറയിൽ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ വാക്സിനേഷൻ ക്യാമ്പിനിടെയാണ് സംഭവം നടന്നത്. വാക്സിനെടുക്കാൻ എത്തിയ രണ്ട് പേർ ചേർന്ന് ആരോഗ്യപ്രവർത്തകരെ മർദിക്കുകയായിരുന്നു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ രാജേഷ്, ശബരിഗീരിഷ്, ജൂനിയർ ഹെൽത്ത് വർക്കർ രമണി എന്നിവർക്കാണ് മർദനമേറ്റത്.
എപ്പോൾ വാക്സിൻ നൽകുമെന്ന് ചോദിച്ചയാളോട് സാങ്കേതിക തകരാർ ഉണ്ടെന്നും ഉടൻ പരിഹിരിക്കുമെന്നും ആരോഗ്യപ്രവർത്തകർ പറഞ്ഞു. എന്നാൽ മെഡിക്കൽ ഓഫീസറെ കാണണമെന്ന് പറഞ്ഞ് വാക്സിൻ എടുക്കാൻ എത്തിയ ആൾ ബഹളം വെച്ചു. ഇത് ശരിയല്ലെന്ന് ഹെൽത്ത് ഇൻസ്പെക്ടർ പറയുകയും ബഹളം വെച്ച ഇവരെ ജീവനക്കാർ പിടിച്ചുമാറ്റാനെത്തുകയും ചെയ്തതോടെയാണ് ആരോഗ്യപ്രവർത്തകർക്ക് മർദനമേറ്റത്.
കരിപ്പുർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞതായാണ് സൂചന.