ബുധനാഴ്ച വൈകിട്ട് മീൻ കച്ചവടം ചെയ്യവെ കരമന പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാർ മീൻകുട്ട തട്ടിത്തെറിപ്പിച്ചെന്നാണ് മരിയയുടെ പരാതി. സംഭവത്തിന്റെ വസ്തുുത പരിശോധിക്കാൻ സിസിടിവി ദൃശ്യങ്ങൾ തേടിയെങ്കിലും സമീപത്ത് സിസിടിവി കാമറ ഉണ്ടായിരുന്നില്ല. ഇതിനു പിന്നാലെയാണ് യൂസഫ് മൊഴി നൽകിയത്.
“സംഭവ ദിവസം പോലീസുകാർ കരമന പാലത്തിനു സമീപം എത്തിയിരുന്നു. എന്നാൽ അവർ ജീപ്പിൽ നിന്നും ഇറങ്ങിയില്ല. വാഹനത്തിൽ ഇരുന്നുകൊണ്ട് മരിയയോട് മീൻ കച്ചവടം നടത്തരുതെന്ന് നിർദ്ദേശിച്ചു. മീൻ വിൽപ്പന ആൾക്കൂട്ടത്തിനിടയാക്കുന്നു എന്നു ചൂണ്ടിക്കാട്ടിയായിരുന്നു നിർദ്ദേശം.” ഇതിനു പിന്നാലെ മരിയ മീൻ കുട്ട വലിച്ചെറിയുകയായിരുന്നുവെന്നാണ് യൂസഫ് പറയുന്നത്.
അതേസമയം, മീൻ കുട്ട വലിച്ചെറിഞ്ഞത് താനല്ലെന്നാണ് മരിയ പറയുന്നത്. പോലീസുകാരാണ് അതിക്രമം കാട്ടിയതെന്നും അവർക്കെതിരെ നടപടി വേണമെന്നുമാണ് മരിയയുടെ ആവശ്യം. വലിയ തുറ സ്വദേശിയാണ് മരിയ പുഷ്പം. എല്ലാ ദിവസവും കരമന പാലത്തിനു സമീപത്താണ് ഇവർ മീൻ വിറ്റിരുന്നത്. പാലത്തിനു സമീപം ആൾക്കൂട്ടം ഉണ്ടാകുന്നതിനാൽ മറ്റൊരു സ്ഥലത്തേക്ക് മാറണമെന്നായിരുന്നു പോലീസ് നിർദ്ദേശിച്ചത്.
സംഭവത്തിൽ പരാതിക്കാരിയെ കരമന സ്റ്റേഷനിൽ എത്തിച്ച് മൊഴി രേഖപ്പെടുത്തിയിരുന്നു. മീൻ കുട്ട മറിഞ്ഞു കിടക്കുന്നതു കണ്ട് മരിയയ്ക്ക് പിന്തുണയുമായി നാട്ടുകാർ എത്തിയിരുന്നു. വലിയ പ്രതിഷേധമാണ് ഉണ്ടായത്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും വിശദമായ അന്വഷണം നടത്താമെന്ന് മരിയയ്ക്ക് ഉറപ്പ് നൽകുകയും ചെയ്തു. സംഭവത്തിൽ വെളിപ്പെടുത്തൽ ഉണ്ടായ പശ്ചാത്തലത്തിൽ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്താനാണ് പോലീസ് പദ്ധതിയിടുന്നത്.