ചൊവ്വാഴ്ച പുലർച്ചെ രണ്ടേമുക്കാലോടെ തൃശ്ശൂർ കേരള വർമ്മ കോളേജ് ജങ്ഷനു സമീപം പട്രോളിങ് നടത്തുകയായിരുന്നു സിവിൽ പോലീസ് ഓഫീസർമാരായ പട്രോളിങ് ഓഫീസർ കെ.എ. അജേഷും, കൺട്രോൾ റൂം ഡ്രൈവർ ഷിനുമോനും, എ.ആറിലെ സി.പി.ഒ മനുവും. അപ്പോഴാണ് ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിൽ മെയിൻ റോഡിന് നടുവിലായി എന്തോ ഒന്ന് കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. വാഹനം നിർത്തി അടുത്തേക്ക് പോയ അവർ ആ കാഴ്ച കണ്ട് അമ്പരന്നു.
ഏകദേശം 80 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാളായിരുന്നു വണ്ടികൾ ചീറിപ്പായുന്ന റോഡിന് നടുവിൽ കിടന്നിരുന്നത്. ഒരു മുണ്ട് മാത്രമായിരുന്നു അദ്ദേഹത്തിന്റെ വേഷം. എന്താണ് സംഭവിച്ചതെന്നും ആരാണെന്നുമോക്കെ ചോദിച്ചപ്പോൾ കാതിന് കേൾവിക്കുറവുണ്ടെന്നും പറയുന്നത് കേൾക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വാഹനങ്ങൾ ചീറിപ്പായുന്ന തൃശ്ശൂർ-കോഴിക്കോട് പാതയിലാണ് പുലർച്ചെ എൺപതുകാരനെ കാണുന്നത്. മുണ്ട് മാത്രമാണ് ധരിച്ചിരുന്നത്. കൈകാലുകൾ റോഡിൽ താങ്ങി എഴുന്നേൽക്കാൻ ശ്രമിക്കുകയായിരുന്നു. എഴുന്നേൽപ്പിച്ച് വിവരങ്ങൾ അന്വേഷിച്ചപ്പോൾ കേൾവിശക്തി കുറവാണ്. ഉച്ചത്തിൽ പലതവണ ചോദിച്ചപ്പോഴാണ് വീട് കേരളവർമ കോളേജിന് സമീപമാണെന്ന് പറഞ്ഞത്. മറ്റൊന്നും അദ്ദേഹത്തിന് ഓർമയില്ലായിരുന്നു- അജേഷ് പറയുന്നു.
രാത്രി ഉറക്കത്തിനിടയിൽ എഴുന്നേറ്റ് പുറത്തിറങ്ങുകയും എന്നാൽ ഓർമ്മക്കുറവ് കാരണം തിരികെ വീട്ടിലേക്ക് പോകാൻ സാധിക്കുന്നില്ലെന്നും പറഞ്ഞ അദ്ദേഹം ഈ സ്ഥലത്തെത്തിയപ്പോൾ തലകറക്കം അനുഭവപ്പെട്ടെന്നും തനിക്ക് എഴുന്നേൽക്കാൻ സാധിക്കുന്നില്ലെന്നും പോലീസുകാരോടു പറഞ്ഞു.
എഴുന്നേൽക്കാൻ പാടുപെടുന്ന അദ്ദേഹത്തെ അജേഷും ഷിനുമോനും മനുവും ചേർന്ന് താങ്ങിയെടുത്ത് റോഡരികിലുള്ള കടയുടെ മുന്നിൽ ഇരുത്തി. ഇനിയും റോഡിൽ ഇറങ്ങി അപകടത്തിൽപ്പെട്ടാലോ എന്നോർത്ത് അവിടെ അദ്ദേഹത്തെ ഉപേക്ഷിച്ച് പോകാനും മനസ്സുവന്നില്ലെന്ന് പട്രോളിങ് ഓഫീസർ അജേഷ് പറയുന്നു.
സി.പി.ഒ. മനുവിനെ അയാൾക്കൊപ്പം നിർത്തിയ ശേഷം മൊബൈൽഫോണിൽ അയാളുടെ ഫോട്ടോ പകർത്തി തൊട്ടടുത്ത വീടുകളിലെത്തി വാതിലിൽ തട്ടിവിളിച്ച് ഇയാളെ തിരിച്ചറിയുന്നുണ്ടോ എന്ന് അന്വേഷിച്ചു. ഏകദേശം പത്തോളം വീടുകളിൽ ഫോണിൽ പകർത്തിയ ചിത്രവുമായി അജേഷും ഷിനുമോനും കയറിയിറങ്ങി അന്വേഷിച്ചു. വെളുപ്പിന് മൂന്നുമണി സമയമായതിനാൽ പലരും വാതിൽ തുറക്കാൻ താമസിക്കുകയും മടിക്കുകയും ചെയ്തതായി അവർ പറയുന്നു. പലരും ചിത്രത്തിലുള്ളയാളെ കണ്ടിട്ടുണ്ടെന്ന് പറഞ്ഞെങ്കിലും കൃത്യമായി വീട് കണ്ടുപിടിക്കാൻ സഹായകരമായ വിവരങ്ങൾ ഒന്നും ലഭിച്ചില്ല.
ഇതിനിടെ റോഡിലൂടെ പോയവരോടും ചിത്രം കാണിച്ച് അന്വേഷിച്ചു. ഒടുവിൽ നാല് മണിയോടെ അതുവഴി പോയിരുന്ന ഒരു വഴിപോക്കൻ ആളെ തിരിച്ചറിഞ്ഞു. മെയിൻ റോഡിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയായിരുന്നു വീട്. വീട് കണ്ടുപിടിച്ച് അജേഷും ഷിനുമോനും വീട്ടിലെത്തിയപ്പോൾ വീട്ടുകാർ അച്ഛനെ കാണാത്തതിന്റെ പരിഭ്രാന്തിയിലായിരുന്നു. സ്ത്രീകൾ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. അടുത്ത വീട്ടിലും മറ്റുമൊക്കെ അന്വേഷിക്കുന്നതിനിടയിലാണ് പോലീസുകാർ വീട്ടിലെത്തുന്നത്. ചിത്രം കാണിച്ചുകൊടുക്കുകയും അദ്ദേഹത്തെ തന്നെയാണ് അന്വേഷിക്കുന്നതെന്നും മനസ്സിലാക്കി കാറിലെത്തിയ ബന്ധുക്കൾ പോലീസുകാരോട് നന്ദി പറഞ്ഞ് വയോധികനെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.
തൃശൂർ കേരളവർമ്മ കോളേജിനു സമീപം താമസിക്കുന്നയാളായിരുന്നു അദ്ദേഹം. വാർധക്യസഹജമായ അസുഖങ്ങൾ കാരണം മരുന്നുകൾ കഴിക്കുന്നുണ്ട്. ഇതിന്റെ മയക്കത്തിൽ രാത്രി ഉറക്കത്തിനിടെ എഴുന്നേറ്റ് നടന്ന് വഴി മറന്നുപോയതാകാമെന്ന് വീട്ടുകാർ പറയുന്നു. സുരക്ഷിതമായി തങ്ങളുടെ അച്ഛനെ വീട്ടിൽ എത്തിക്കാൻ സഹായിച്ചതിന് പോലീസുകാരോട് എത്ര നന്ദി പറഞ്ഞിട്ടും മതിവരുന്നുണ്ടായിരുന്നില്ല. കൃത്യസമയത്ത് തങ്ങളുടെ ശ്രദ്ധയിൽപെട്ടതിനാൽ ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് കെ.എ അജേഷുംഷിനുമോനുംമനുവും.
content highlights:policemen rescues old man found at road in wee hours of tuesday