കൊല്ലം > പരാതിക്കാരിയെ മൊബൈൽ ഫോണിൽ വിളിച്ച് അശ്ലീലം പറഞ്ഞ കേസിൽ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. കൊട്ടാരക്കര സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ബിജു ജോണിനെതിരെയാണ് (43) നടപടി.
കലയപുരം സ്വദേശിനിയായ വീട്ടമ്മയാണ് വീടിന് സമീപത്തെ സാമൂഹ്യവിരുദ്ധ ശല്യത്തിനെതിരെ കൊട്ടാരക്കര സ്റ്റേഷനിൽ നാല് ദിവസം മുമ്പ് പരാതി നൽകിയത്. മദ്യപാനികൾ വീടിന് മുന്നിൽ സ്ഥിരം ബഹളം ഉണ്ടാക്കുന്നതടക്കമായിരുന്നു പരാതി. പൊലീസ് എതിർകക്ഷികളെ വിളിപ്പിച്ച് താക്കീത് നൽകി വിട്ടയച്ചു. ഇതിന് ശേഷമാണ് പരാതിക്കാരിയുടെ മൊബൈലിൽ പൊലീസുകാരൻ വിളി തുടങ്ങിയത്. ചുംബനം ചോദിച്ചതടക്കമുള്ള അശ്ലീല സംഭാഷണങ്ങൾ വിവരിച്ചുകൊണ്ട് യുവതി കൊട്ടാരക്കര ഡിവൈഎസ്പി ആർ സുരേഷിന് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി വസ്തുതകൾ ബോധ്യപ്പെട്ടതിന് ശേഷമാണ് കൊട്ടാരക്കര പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ഓണദിവസം മദ്യപിച്ച് സ്വന്തം നാട്ടിൽ പ്രശ്നമുണ്ടാക്കിയ നെല്ലിക്കുന്നം സ്വദേശിയായ രതീഷ് എന്ന പൊലീസുകാരനെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തെയും സസ്പെൻഡ് ചെയ്തു. വനിതാ സെല്ലിൽ രണ്ട് വനിതാ എസ്ഐമാർ തമ്മിൽത്തല്ലിയതിന്റെ നാണക്കേട് മാറും മുമ്പാണ് പുതിയ സംഭവങ്ങൾ.