കോഴിക്കോട് > എംഎസ്എഫ് നേതാക്കൾക്കെതിരെ വനിതാകമീഷന് നൽകിയ പരാതി ഹരിത പിൻവലിക്കില്ലെന്ന് സൂചന. നിയമം നിയമത്തിന്റെ വഴിക്ക് എന്ന അഭിപ്രായമാണ് പരാതി നൽകിയ പത്ത് ഹരിത നേതാക്കളിൽ ഭൂരിഭാഗത്തിനും. അതേസമയം മുസ്ലിം ലീഗിന്റെ കർശന നിർദേശമുള്ളതിനാൽ പരസ്യപ്രതികരണത്തിന് ആരും തയ്യാറായിട്ടില്ല.
ലൈംഗികാധിക്ഷേപവും വ്യക്തിഹത്യയും നടത്തിയതായ പരാതിയിൽ ലീഗ് നേതൃത്വമുണ്ടാക്കിയ ഒത്തുതീർപ്പിലും ഇവർക്ക് വിയോജിപ്പുണ്ട്. എംഎസ്എഫ് നേതാക്കളെ രക്ഷിക്കാനുള്ള ധാരണയാണുണ്ടായതെന്നാണിവർ പറയുന്നത്. തങ്ങൾ നൽകിയ പരാതിയും അനുഭവിച്ച കടുത്ത മാനസികപീഡനവും നേതാക്കൾ തിരിച്ചറിഞ്ഞിരുന്നില്ലെന്ന പരിഭവവുമുണ്ടിവർക്ക്. അധിക്ഷേപ പരാമർശം നടത്തിയവർക്ക് പരസ്യശാസനയോ സ്ഥാനമാറ്റമോ ഇല്ലാതെ നേതൃത്വം രക്ഷിച്ചുവെന്ന വികാരവുമുണ്ട്. നേതൃത്വത്തിന്റെ നിർദേശാനുസൃതം എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് നടത്തിയ ഖേദപ്രകടനത്തിലും തൃപ്തരല്ല.
നവാസ് തെറ്റു ചെയ്തില്ലെന്ന് ആവർത്തിച്ചിരിക്കയാണ്. മാത്രമല്ല ഹരിത പ്രവർത്തകർ ലീഗിനെ പൊതുസമൂഹത്തിൽ മോശമാക്കി എന്നതടക്കമുള്ള ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ട്. ലിംഗനീതിയെക്കുറിച്ച് തങ്ങൾ ഉയർത്തിയ വിഷയം മനസിലാക്കുന്നതിൽ പാർട്ടി നേതാക്കൾ പരാജയപ്പെട്ടു. എന്നാൽ ഇപ്പോൾ പരസ്യ പ്രതികരണത്തിനില്ലെന്ന നിലപാടിലാണ് ഹരിത നേതാക്കൾ.