തൃശൂർ > കൊടകര കുഴൽപ്പണ കവർച്ചകേസിൽ പൊലീസ് പിടിച്ചെടുത്ത പണം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഹവാല ഏജന്റ് ധർമരാജൻ നൽകിയ ഹർജിയിൽ കേസ് സെപ്തംബർ ഒമ്പതിലേക്ക് മാറ്റി. കേസിൽ പണത്തിന്റെ ഉറവിടം കാണിക്കാൻ ഇതുവരെ ധർമരാജനായില്ല.
വ്യാഴാഴ്ച കേസ് വിളിച്ചപ്പോൾ മാറ്റിവയ്ക്കാൻ ധർമരാജൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് ഇരിങ്ങാലക്കുട ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി കേസ് പരിഗണിക്കുന്നത് മാറ്റിയത്. ഏപ്രിൽ മൂന്നിനാണ് കൊടകരയിൽവച്ച് മൂന്നരക്കോടി രൂപയുടെ കുഴൽപ്പണം കവർച്ച ചെയ്തത്. പൊലീസ് അന്വേഷണത്തിൽ ബിജെപി തെരഞ്ഞെടുപ്പിനിറക്കിയ പണമാണ് കവർന്നതെന്ന് കണ്ടെത്തി കുഴൽപ്പണ കവർച്ചാകേസിൽ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു.
അനധികൃതമായി പണം എത്തിയതിനെക്കുറിച്ചും തെരഞ്ഞെടുപ്പു കുറ്റകൃത്യങ്ങളെക്കുറിച്ചും അന്വേഷണവും നടപടികളും തുടരുകയാണ്. തെരഞ്ഞെടുപ്പിനിറക്കിയ കുഴൽപ്പണമിടപാട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇഡിക്കും ആദായനികുതി വിഭാഗത്തിനും തെരഞ്ഞെടുപ്പു കമ്മീഷനും പ്രത്യേക അന്വേഷകസംഘം റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.