കൊച്ചി: കോവിഷീൽഡ് വാക്സിന്റെ രണ്ടാം ഡോസിന്റെ ഇടവേള കൂട്ടിയത് ഫലപ്രാപ്തിക്കു വേണ്ടിയാണെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ.ഇടവേള 84 ദിവസമാക്കിയത് വാക്സിൻക്ഷാമം കൊണ്ടല്ലെന്നും കേന്ദ്രം വിശദീകരിച്ചു. മൂന്നാംഡോസ് വാക്സിൻ നൽകാൻ നിലവിൽ വ്യവസ്ഥയില്ലെന്നും കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് ഇന്ന് രണ്ടു ഹർജികളാണ് ഹൈക്കോടതി മുൻപാകെ വന്നത്. ഇതിലൊന്ന് കിറ്റക്സ് കമ്പനി നൽകിയതായിരുന്നു. തങ്ങളുടെ ജീവനക്കാർക്ക് കോവിഷീൽഡിന്റെ വാക്സിന്റെ ആദ്യ ഡോസ് നൽകിയെന്നും അതു കഴിഞ്ഞ് 45 ദിവസമായിട്ടും രണ്ടാം ഡോസ് കുത്തിവെപ്പ് നൽകാൻ അനുമതി നൽകുന്നില്ല എന്നായിരുന്നു കിറ്റക്സിന്റെ പരാതി. വാക്സിൻ എടുക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടാണ് കിറ്റക്സ് ഹൈക്കോടതിയെ സമീപിച്ചത്.
കിറ്റക്സിന്റെ ഹർജി പരിഗണിക്കവേ ഹൈക്കോടതി കേന്ദ്രസർക്കാരിന്റെ വിശദീകരണം തേടി. ഈ വിശദീകരണത്തിലാണ്, കോവിഷീൽഡിന്റെരണ്ടാമത്തെ ഡോസിന് 84 ദിവസത്തെ ഇടവേള നിശ്ചയിച്ചത് ഫലപ്രാപ്തിക്കു വേണ്ടിയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചത്. വാക്സിന്റെ ലഭ്യതക്കുറവ് കൊണ്ടാണോ വാക്സിന്റെ ഇടവേള വർധിപ്പിച്ചതെന്ന് കോടതി ചോദിച്ചിരുന്നു. എന്നാൽ വാക്സിന്റെ ലഭ്യതക്കുറവല്ല ഇതിന് കാരണമെന്ന് കേന്ദ്രം അറിയിച്ചു. മാർഗരേഖ അടിസ്ഥാനമാക്കിയാണ് ഇടവേള നിശ്ചയിച്ചത്. നിലവിൽ 84 ദിവസത്തെ ഇടവേള നിശ്ചയിച്ചിരിക്കുന്നത് ഫലപ്രാപ്തിക്കു വേണ്ടിയാണെന്നും കേന്ദ്രം കോടതിയിൽ പറഞ്ഞു.
കണ്ണൂർ സ്വദേശിയായ ഗിരികുമാർ എന്നയാൾ സമർപ്പിച്ച ഹർജിയും പിന്നീട് കോടതി മുൻപാകെ വന്നു. കോവാക്സിൻ കുത്തിവെപ്പാണ് ഇദ്ദേഹം എടുത്തിരുന്നത്. എന്നാൽ അതിനു ശേഷം വിദേശത്തേക്ക് പോകാൻ ശ്രമിച്ചപ്പോൾ, കോവാക്സിന് വിദേശരാജ്യങ്ങൾ അംഗീകാരം നൽകാത്തതിനാൽ പോകാൻ കഴിഞ്ഞില്ല. ഇതിനു പിന്നാലെയാണ്, സൗദിയിലേക്ക് ജോലിക്കു പോകാൻ മൂന്നാംഡോസ് ആയി കോവിഷീൽഡ് വാക്സിൻ കുത്തിവെക്കാൻ അനുമതി തേടി ഗിരികുമാർ ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹർജിയിലും കേന്ദ്രസർക്കാർ വിശദീകരണം നൽകി.
മൂന്നാംഡോസ് കോവിഡ് വാക്സിൻ നൽകാൻ നിലവിൽ വ്യവസ്ഥയില്ലെന്നാണ് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചത്. മൂന്നാം ഡോസിന്റെ കാര്യത്തിൽ ഇപ്പോഴും പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇത് പൂർത്തിയാകാൻ മാസങ്ങൾ വേണ്ടിവരുമെന്നും കേന്ദ്രം അറിയിച്ചു. മാത്രമല്ല, ഒരു ഡോസ് വാക്സിൻ എടുത്താലും നിലവിലെ സാഹചര്യത്തിൽ ഹർജിക്കാരന് സൗദിയിലേക്ക് പോകാനാവില്ല. ഈ സാഹചര്യത്തിൽ സ്വന്തം ഉത്തരവാദിത്തത്തിൽ വാക്സിൻ എടുക്കാൻ ഹർജിക്കാരനെ അനുവദിക്കാനാകുമോ എന്ന് കോടതി കേന്ദ്രത്തോട് ആരാഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ ഇപ്പോഴും പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചത്.
content highlights:84 day gap for second dose vaccine meant for efficacy- central government at high court