ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിന് ഒപ്പം കോവിഡ് അനാഥമാക്കിയ കുട്ടികളെയും കേരളം സംരക്ഷിക്കണം എന്ന് സുപ്രീം കോടതി. കോവിഡ് അനാഥമാക്കിയ399 വിദ്യാർത്ഥികൾ സ്വകാര്യ സ്കൂളുകളിൽ പടിക്കുന്നതായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഇവരുടെ പഠനം മുടങ്ങാതിരിക്കാൻ നടപടി സ്വീകരിക്കണം എന്ന് കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു.
അനാഥരായ കുട്ടികൾക്ക് 18 വയസ് വരെ പ്രതി മാസം 2000 രൂപ സഹായ ധനമായി നൽകുമെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. ഡിഗ്രി പൂർത്തിയാകുന്നത് വരെയുള്ള വിദ്യാഭ്യാസത്തിന്റെ ചെലവ് സർക്കാർ വഹിക്കുമെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഇത് വരെ നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ വ്യക്തമാക്കി മൂന്ന് ആഴ്ചയ്ക്ക് ഉള്ളിൽ സത്യവാങ്മൂലം ഫയൽ ചെയ്യാൻ സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു.
മാതാപിതാക്കൾ നഷ്ടപ്പെട്ട് അനാഥരായ വിദ്യാർത്ഥികളുടെ വിശദശാംശങ്ങൾ ബാൽ സ്വരാജ് വെബ്സൈറ്റിൽ പതിനഞ്ച് ദിവസത്തിനകം അപ്ലോഡ് ചെയ്യാൻ സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിച്ചു. അപ്ലോഡ് ചെയ്ത വിവരങ്ങൾ വെബ്സൈറ്റിൽ പ്രതിഭലിക്കുന്നില്ല എന്ന് സംസ്ഥാന സർക്കാർ അഭിഭാഷകൻ ജി പ്രകാശ് കോടതിയെ അറിയിച്ചു.
Content Highlights: Supreme Court to kerala on protection of kids who lost parents in Covid