വണ്ടൂർ > എ പി അനിൽകുമാർ എംഎൽഎയ്ക്കെതിരെ രൂക്ഷവിമർശനങ്ങളുമായി വണ്ടൂരിൽ പോസ്റ്റർ പ്രചാരണം. അനിൽകുമാർ കോൺഗ്രസിന്റെ അന്തകനെന്നും കോൺഗ്രസ് നശിച്ചാലും സ്വന്തം നേട്ടമാണ് അനിൽകുമാറിന് പ്രധാനമെന്നുമാണ് വിമർശനം. വണ്ടൂർ അങ്ങാടിയിലും എംഎൽഎ ഓഫീസിനു മുന്നിലുമടക്കം പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ മതേതരത്വം തകർക്കാൻ അനിൽകുമാറിന്റെ നേതൃത്വത്തിൽ ഗൂഢാലോചനയുണ്ടെന്ന മുന്നറിയിപ്പ് അടക്കം ഉൾപ്പെടുത്തി കോൺഗ്രസിലെ ഗ്രൂപ്പിസം വ്യക്തമാക്കുന്ന പോസ്റ്ററുകളാണ് അങ്ങാടിയിൽ വ്യാപകമായി പതിച്ചിട്ടുള്ളത്. കാളികാവ് നിലമ്പൂർ റോഡുകളിലും അങ്ങാടി പൊയിൽ ബസ് സ്റ്റാന്റിലും കാളികാവ് കിഴക്കേതലയിലെ എംഎൽഎ ഓഫീസിന് മുന്നിലുമടക്കം അങ്ങാടിയുടെ വിവിധ ഭാഗങ്ങളിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
ഗ്രൂപ്പ് വിഷയത്തിലെ തൊഴുത്തിൽ കുത്ത് കഴിഞ്ഞ തവണ രാഹുൽ ഗാന്ധി എം പി എത്തിയപ്പോഴടക്കം പ്രകടമായതായും ഇതിനെതിരെ ഡിസിസി ഭാരവാഹികളുൾപ്പെടെ നേതൃത്വത്തിന് പരാതികൾ നൽകിയതായും പറയുന്നുണ്ട്. ഡിസിസി അധ്യക്ഷ തർക്കം നിലനിൽക്കെയാണ് പുതിയ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതെന്നതും ശ്രദ്ധേയമാണ്.