മലപ്പുറം > ഹരിത പ്രവര്ത്തകരോട് സ്ത്രീവിരുദ്ധ പരമാര്ശം നടത്തിയ എംഎസ്എഫ് നേതാക്കളെ സംരക്ഷിച്ച് മുസ്ലിം ലീഗ്. നേതാക്കള്ക്കെതിരെ നടപടിയെടുക്കേണ്ടെന്നാണ് ലീഗ് തീരുമാനം. പെണ്കുട്ടികള് പരാതി ഉന്നയിച്ച എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര് മുതുപറമ്പ്, ജനറല് സെക്രട്ടറി വി എ വഹാബ് എന്നിവര് ഖേദം പ്രകടിപ്പിച്ചാല് മതിയെന്ന് ലീഗ് നിര്ദേശം നല്കി.
അധിക്ഷേപം നടത്തിയ ആരോപണ വിധേയരായ നേതാക്കളെ ഒരു മാസത്തേക്ക് സസ്പെന്ഡ് ചെയ്യുകയും അവര് പരസ്യമായി മാപ്പു പറയുകയും വേണമെന്നായിരുന്നു ഹരിതയുടെ ആവശ്യം. എംഎസ്എഫ് നേതാക്കള്ക്കെതിരെ ലീഗ് നടപടിയെടുക്കില്ല എന്ന് വ്യക്തമായതോടെ വനിതാ കമീഷനില് നല്കിയ പരാതി പിന്വലിക്കില്ലെന്ന് ഹരിത ഭാരവാഹികള് അറിയിച്ചു.
അതേസമയം എംഎസ്എഫ് നേതൃത്വത്തിനെതിരെയുള്ള ഹരിത പ്രവര്ത്തകരുടെ പരാതിയില് മൊഴിയെടുക്കലും അന്വേഷണവും തുടരുകയാണ്. നേതൃത്വത്തിനെതിരെ ഇതുവരെ ആറ് ഹരിത പ്രവര്ത്തകര് മൊഴിനല്കി. അന്വേഷണ ചുമതലയുള്ള ചെമ്മങ്ങാട് ഇന്സ്പെക്ടര് സി അനിതാകുമാരിയാണ് മൊഴി ശേഖരിച്ചത്. നേതാക്കള് സ്ത്രീവിരുദ്ധ പരാമര്ശം നടത്തി എന്നാണ് പ്രവര്ത്തകരുടെയെല്ലാം മൊഴി.
ജൂണ് 22ന് കോഴിക്കോട്ട് ചേര്ന്ന എംഎസ്എഫ് സംസ്ഥാന കമ്മിറ്റി യോഗത്തില് പ്രസിഡന്റ് പി കെ നവാസ് മോശമായി സംസാരിച്ചുവെന്നും മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുള് വഹാബ് ഫോണില് അശ്ലീലം പറഞ്ഞുവെന്നുമാണ് വനിതാ കമീഷന് ലഭിച്ച പരാതി. കമീഷന് പരാതി പൊലീസിന് കൈമാറിയതിനെ തുടര്ന്നാണ് അന്വേഷണവും തുടങ്ങിയത്.