കൊച്ചി > വിദ്യാർഥികൾക്ക് ഈ അധ്യയന വർഷം ഗ്രേസ് മാർക്ക് നൽകേണ്ടെന്ന സർക്കാർ തീരുമാനം ഹൈക്കോടതി ശരിവെച്ചു. പത്താം ക്ലാസ് വിദ്യാർഥികൾക്ക് രണ്ട് ബോണസ് പോയിന്റ് നൽകാനുള്ള തീരുമാനം കോടതി അംഗീകരിച്ചു.
സർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹർജികൾ കോടതി തള്ളി. വിദ്യാർഥികൾക്ക് എട്ടിലും ഒൻപതിലും ലഭിച്ചിച്ച ഗ്രേസ് മാർക്ക് ഈ വർഷവും നൽകണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. പത്താം ക്ലാസ് വിദ്യാർഥികൾക്ക് രണ്ട് ബോണസ് പോയന്റ് നൽകുമെന്നും പ്ലസ് ടു പ്രവേശനത്തിന് ഗ്രേഡിനൊപ്പം കൂട്ടുമെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചത്.
കോവിഡ് മൂലം സ്കൂളുകൾ പൂട്ടിയതിനാൽ വിദ്യാർഥികൾക്ക് പഠനസമയം ഇത്തവണ നഷ്ടമായിട്ടില്ലന്നും എൻസിസി, സ്കൗട്ട്, എൻഎസ്എസ് തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്ക് ഗ്രേസ് മാർക്ക് നൽകേണ്ടതില്ലന്നുമായിരുന്നു സർക്കാർ തീരുമാനം. കെഎസ്യുവും ഏതാനും വിദ്യാർഥികളുമാണ് സർക്കാർ തീരുമാനം ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്.