കോഴിക്കോട്: എം.എസ്.എഫ്-ഹരിത വിഷയത്തിൽ ഹരിതയെ ഒതുക്കി ലീഗ് നേതൃത്വം. ആരോപണവിധേയരെ മാറ്റിനിർത്തുകയോ പുറത്താക്കുകയോ ചെയ്യാതെ നേതാക്കളോട് പരസ്യമായി ഖേദപ്രകടനം നടത്താൻ ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ്, ജനറൽ സെക്രട്ടറി വി.എ വഹാബ് എന്നിവർ നടത്തിയ പരാമർശങ്ങൾ അസ്ഥാനത്താണെന്ന് ലീഗ് വിലയിരുത്തി.
നേതാക്കൾ പാർട്ടിയോട് ഖേദപ്രകടനം നടത്തിയിട്ടുണ്ട്. ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിക്കണമെന്നും നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. തുടർന്നാണ് വിഷയം അവസാനിപ്പിക്കാൻ ഹരിതയോടും ലീഗ് നേതൃത്വം നിർദേശിച്ചിട്ടുള്ളത്.
ഹരിതയെ മരവിപ്പിച്ച നടപടി പിൻവലിക്കും. ഒപ്പം, വനിതാ കമ്മീഷന് നൽകിയ പരാതി പിൻവലിക്കാനും തീരുമാനമായിട്ടുണ്ട്. എം.എസ്.എഫും ഹരിതയും ഒരു മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനയായതിനാൽ ഒരുമിച്ച് പോവാനുള്ള ചർച്ചകളും ലീഗ് നേതൃത്വം നടത്തി. ഇതിനായി പാർട്ടി നേതാക്കളുടെ നിയന്ത്രണത്തിൽ പ്രത്യേക സെൽ രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്. എം.എസ്.എഫിന്റെ ജില്ലാ-സംസ്ഥാന കമ്മിറ്റികളിൽ വനിതാ പ്രാതിനിധ്യം പാർട്ടി ഉറപ്പ് വരുത്തും. ഇതിനായി എം.എസ്.എഫ് ഹരിതയുടെ നേതൃത്വത്തിൽ കാലോചിതമായ മാറ്റമുണ്ടാക്കുമെന്നും വാർത്താ കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
ജൂൺ 21 ന് എം.എസ്.എഫിന്റെ സംസ്ഥാന ഓഫീസായ കോഴിക്കോട്ടെ ഹബീബ് സെന്ററിൽവിളിച്ചുചേർത്ത യോഗത്തിൽ ഹരിത നേതാക്കൾക്കെതിരേ എം.എസ്.എഫ് നേതാക്കൾ സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്നായിരുന്നു പരാതി. വിഷയത്തിൽ സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ്, ജനറൽ സെക്രട്ടറി വി.എ വഹാബ് എന്നിവർക്കെതിരേ വനിതാ കമ്മീഷനിൽ പരാതി നൽകിയത് വലിയ വിവാദത്തിനും തുടക്കമിട്ടിരുന്നു.