കായംകുളം > ശാരീരിക വെല്ലുവിളികൾ കഠിനാധ്വാനം കൊണ്ട് കീഴടക്കി അഖിൽ നാഥ് (കണ്ണൻ- 27) സ്വന്തമാക്കിയത് മിസ്റ്റർ കേരള പട്ടം. പുള്ളിക്കണക്ക് വള്ളുകപ്പള്ളിൽ കിഴക്കതിൽ വിശ്വനാഥൻ-ശ്യാമള ദമ്പതികളുടെ ഏകമകനാണ് അഖിൽനാഥ്. 10-ാം ക്ലാസിൽ പഠിക്കുമ്പോഴാണ് വീഴ്ചയുടെ ആഘാതത്തിൽ ഇടത് കാലിന് സ്വാധീനക്കുറവ് ഉണ്ടായത്. ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ഇതോടെ ശരീര ഭാരം 115 കിലോയോളം എത്തി. തുടർന്ന് ഭാരം കുറയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. സുഹൃത്തായ മനുവിന്റെ രാമപുരത്തെ ജിംനേഷ്യത്തിൽ പിരിശീലനം തുടങ്ങി. ആറുമാസത്തെ ചിട്ടയായ പരിശീലനത്തിലൂടെയാണ് നേട്ടം കൈവരിക്കാനായത്. ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുടെ വിഭാഗത്തിൽ മത്സരിച്ചാണ് അഖിൽ മിസ്റ്റർ കേരളയായത്.
മിസ്റ്റർ ഇന്ത്യ പട്ടം നേടണമെന്നാണ് ആഗ്രഹം. ചെലവിന് സ്പോൺസർമാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പരിശീലകനും കൂട്ടുകാരും. അഖിൽ വീഡിയോ എഡിറ്റിങ് സ്ഥാപനം നടത്തിയാണ് കുടുംബം പുലർത്തുന്നത്.