മൈസൂരു > കർണാടകത്തിലെ വിനോദസഞ്ചാര കേന്ദ്രമായ ചാമുണ്ഡി ഹിൽസിൽ ആറു പേരടങ്ങുന്ന സംഘം 22 വയസ്സുകാരിയായ എംബിഎ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ അക്രമികൾ മർദിച്ച് അവശനാക്കി. ചൊവ്വാഴ്ച രാത്രി 7 മണിയോടെ ചാമുണ്ഡി ഹിൽസിനു സമീപം ലളിതാദ്രിപുര നോർത്ത് ലേഔട്ടിലായിരുന്നു സംഭവം.
ബൈക്കിലെത്തിയ ഇവരെ മദ്യലഹരിയിലായിരുന്ന സംഘം പണം ആവശ്യപ്പെട്ട് തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് യുവാവിനെ മർദിച്ച് അവശനാക്കിയ ശേഷം യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. യുവതിയെ പിന്നീട് സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞതായും ഇവർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
അവശനിലയിൽ കണ്ടെത്തിയ യുവതിയെ സമീപവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ പ്രതികളിലാരും പിടിയിലായിട്ടില്ല.