തിരുവനന്തപുരം
ഇരുപത് ലക്ഷം വിദ്യാസമ്പന്നർക്ക് തൊഴിൽ നൽകുന്ന കേരള നോളജ് ഇക്കണോമിക് മിഷൻ പദ്ധതിയുടെ ചുക്കാൻപിടിക്കാൻ തദ്ദേശസ്ഥാപനങ്ങൾ. വീടിനടുത്ത് ജോലിസ്ഥലം (വർക്ക് സ്റ്റേഷൻ) ഒരുക്കിയാണ് തദ്ദേശസ്ഥാപനങ്ങൾ പദ്ധതിയുടെ ഭാഗമാകുക. ഐടിമേഖലയിലടക്കം വലിയ സ്വീകാര്യത നേടിയ പദ്ധതിയാണ് വീടിനടുത്ത് തൊഴിലിടം. ഇതിനായി ബ്ലോക്ക്, മുനിസിപ്പൽ തലത്തിൽ 5000 ചതുരശ്ര അടി വിസ്തൃതിയിൽ കെട്ടിട സൗകര്യം ഏർപ്പാടാക്കും. കോൺഫറൻസ് ഹാൾ, പ്രിന്റർ, സ്കാനർ, ക്യാബിൻ, കഫേ, വിനോദ സാധ്യത തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാകും.
പിന്നീട് ഇവയെ തൊഴിൽശേഷി ഉയർത്തൽകേന്ദ്രങ്ങളാക്കി മാറ്റും. ബ്ലോക്ക് തലത്തിലാകും തുടക്കം. പൊതു– -സ്വകാര്യ പങ്കാളിത്തത്തിൽ ആരംഭിക്കാനാണ് ശ്രമിക്കുന്നതെന്ന് കെ ഡിസ്ക് മെമ്പർ സെക്രട്ടറി ഡോ. പി വി ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. 25 ലക്ഷത്തിലേറെ തൊഴിൽരഹിതരായ വിദ്യാസമ്പന്നർ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 150 പേർക്ക് ഐസിടി അക്കാദമിയുടെ മുൻകൈയിൽ ജോലിയായി. 1000 പേർക്കുകൂടി അവസരം ലഭിക്കും.
ദീർഘനാളായി ജോലിയിൽനിന്ന് വിട്ടുനിൽക്കുന്നവർക്ക് പുനർനിയമന സാധ്യതയും ഉണ്ട്. സ്ത്രീകളാണ് ഏറെയും. ഇവർക്ക് വീട്ടിലിരുന്നോ വീടിനടുത്തോ ജോലി ഉറപ്പാക്കുകയാണ് ലക്ഷ്യം. അടുത്ത അഞ്ചുവർഷംകൊണ്ട് 18 കോടി പേർ ലോകത്തുതന്നെ കേന്ദ്രീകൃത ഓഫീസുകൾക്കു പുറത്ത് ഡിജിറ്റൽ ജോലി ചെയ്യേണ്ടിവരും എന്നാണ് വിലയിരുത്തൽ.