മലപ്പുറം
ബ്രിട്ടീഷ് പട്ടാളത്തിനുമുന്നിൽ തലകുനിക്കാതെ പോരാടിയ പൂക്കോട്ടൂരിലെ ധീര യോദ്ധാക്കളുടെ ഓർമക്ക് നൂറാണ്ട്. 1921 ആഗസ്ത് 26നാണ് ‘ബാറ്റിൽ ഓഫ് പൂക്കോട്ടൂർ’ എന്ന് ബ്രിട്ടീഷ് രേഖകളിലടക്കം പരാമർശമുള്ള പോരാട്ടം നടന്നത്. മലബാർ സമരത്തെ സ്വാതന്ത്ര്യസമര ചരിത്രത്തിൽനിന്ന് വെട്ടിമാറ്റാൻ സംഘപരിവാർ നീക്കമുളള ഈ കാലത്ത് ഈ ധീര ചരിതത്തിന് പ്രാധാന്യമേറെ. ബ്രിട്ടീഷ്വിരുദ്ധ വികാരം നാട്ടിൽ പടർന്ന കാലം. മഹാത്മാഗാന്ധിയുടെ കോഴിക്കോട് സന്ദർശനം ഖിലാഫത്ത് പ്രസ്ഥാനത്തിന് ഊർജമേറ്റി. തിരൂരങ്ങാടി വെടിവയ്പ്പിനുശേഷം മലപ്പുറം സംഘടിതമായി വെള്ളക്കാർക്കെതിരെ നിലയുറപ്പിച്ചു. കണ്ണൂരിൽനിന്ന് പട്ടാളസംഘം മലപ്പുറത്തേക്ക് പുറപ്പെട്ട വിവരം ഖിലാഫത്ത് കേന്ദ്ര കമ്മിറ്റിയിൽനിന്നാണ് പൂക്കോട്ടൂരറിഞ്ഞത്. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പൂക്കോട്ടൂരിലെ സെക്രട്ടറി വടക്കേവീട്ടിൽ മുഹമ്മദ്, കാരാട്ട് മൊയ്തീൻകുട്ടി ഹാജി എന്നിവരുടെ നേതൃത്വത്തിൽ പട്ടാളത്തെ നേരിടാൻ തീരുമാനിച്ചു.
കോഴിക്കോട് -–-പാലക്കാട് റൂട്ടിൽ നിരവധി സ്ഥലങ്ങളിൽ പാലം പൊളിച്ചും മരങ്ങൾ മുറിച്ചിട്ടും സൈന്യത്തിന്റെ വഴി തടഞ്ഞു. എന്നാൽ ആഗസ്ത് 25ന് ക്യാപ്റ്റൻ മെക്കൻറോയിയുടെ നേതൃത്വത്തിൽ 1500 അംഗ സേന അറവങ്കര പാപ്പാട്ടുങ്ങലിലെത്തി. അവിടെ വലിയ പാലം പൊളിച്ചതിനാൽ കൊണ്ടോട്ടിയിലേക്ക് മടങ്ങിയ സേന പിറ്റേന്ന് താൽക്കാലിക പാലം നിർമിച്ച് 22 വാഹനത്തിൽ യാത്ര തുടർന്നു. യുദ്ധസന്നാഹത്തോടെ രണ്ടായിരത്തിലധികം പ്രക്ഷോഭകാരികൾ പൂക്കോട്ടൂരിനും പിലാക്കലിനുമിടയ്ക്കുള്ള വയലിലും കുറ്റിക്കാട്ടിലും തോട്ടിലുമായി പട്ടാളത്തെ കാത്തിരുന്നു.
പൂക്കോട്ടൂർ സ്വദേശികൾക്കുപുറമെ വള്ളുവമ്പ്രം, പൊടിയാട്ട് മേൽമുറി, പുല്ലാര, വീമ്പൂർ, ആനക്കയം, പന്തല്ലൂർ, പാണ്ടിക്കാട്, പാപ്പിനിപ്പാറ, മലപ്പുറം എന്നിവിടങ്ങളിൽനിന്നുള്ളവരും യുദ്ധത്തിൽ പങ്കെടുക്കാനെത്തി. അധിനിവേശ ശക്തിയുടെ പട്ടാളത്തിനെതിരെ നാട്ടുകാർ കൈത്തോക്കും മറ്റായുധങ്ങളുമായി പോരാടി. വാളും കൈയിൽ കിട്ടിയ ആയുധങ്ങളുമായി കുതിച്ചു. പീരങ്കികളും യന്ത്രത്തോക്കുകളുമേന്തിയ ബ്രിട്ടീഷ്നിരക്കെതിരെ ഭയക്കാതെ പൊരുതി. സ്പെഷൽ ഫോഴ്സ് സൂപ്രണ്ട് ലങ്കാസ്റ്ററെ വെട്ടിവീഴ്ത്തി. അഞ്ച് മണിക്കൂർ നീണ്ട പോരാട്ടത്തിൽ അഞ്ഞൂറോളം തദ്ദേശീയർ മരിച്ചെന്ന് ബ്രിട്ടീഷ് രേഖകളിൽ പറയുന്നു. അവർക്കെല്ലാം നെഞ്ചിലാണ് വെടിയേറ്റത്.