മലപ്പുറം
മലബാർ സമരത്തെ 1921– ൽ തന്നെ വർഗീയമായി ചിത്രീകരിക്കാനാണ് വലതുപക്ഷ മാധ്യമങ്ങൾ ശ്രമിച്ചത്. ഹിന്ദു–-മുസ്ലിം വികാരം ആളിക്കത്തിക്കാനായിരുന്നു ഇവരുടെ ശ്രമം. – ‘നസ്രാണി ദീപിക’ സമരത്തെ അടിച്ചമർത്തിയ ബ്രിട്ടീഷ് പൊലീസ് ഓഫീസർ തോമസിനെ അഭിനന്ദിച്ച് മുഖപ്രസംഗമെഴുതി കൂറ് കാട്ടി.
“മലബാറി’ എന്ന പേരിലാണ് ‘മലയാള മനോരമ’ ലേഖകൻ കലാപം റിപ്പോർട്ട്ചെയ്തത്. “ജോനക മാപ്പിളമാരുടെ ചരിത്രത്തിൽ പ്രധാനമായുള്ള സംഗതി അവരുടെ ചോര ചൊരിച്ചിലിനുള്ള താൽപ്പര്യമാകുന്നു. അറബി വംശക്കാരായ ഇക്കൂട്ടർ മതതീക്ഷ്ണതകൊണ്ടോ രക്തപ്രിയത്വംകൊണ്ടോ പ്രസിദ്ധി സമ്പാദിച്ചിട്ടുള്ളവരാണ്. ടിപ്പു സുൽത്താന്റെ കാലംമുതൽ മാപ്പിളമാർ കൂടെക്കൂടെ ക്ഷോഭിക്കുകയും തങ്ങളുടെ സമീപ ഹിന്ദു ജനങ്ങളെ ദ്രോഹിക്കുകയും ചെയ്തിട്ടുണ്ട്’.(മലയാള മനോരമ-– -സെപ്തംബർ 20, 1921). – 1923ൽ പ്രസിദ്ധീകരണമാരംഭിച്ച ‘മാതൃഭൂമി’ 1923, 24 വർഷങ്ങളിൽ സമരത്തെ തള്ളിപ്പറഞ്ഞ് അസംഖ്യം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. “മാപ്പിളക്ക് തന്റെ പള്ളിയോടുള്ള സ്നേഹവും ഭക്തിയും ഹിന്ദുവിന് തന്റെ ക്ഷേത്രത്തോട് ഉണ്ടായിരുന്നെങ്കിൽ ലഹളസ്ഥലങ്ങളിൽ ഇത്രയധികം ക്ഷേത്രങ്ങൾക്ക് നാശം വരില്ലായിരുന്നു’ (മാതൃഭൂമി, മെയ് 26,1923).
‘മാതൃഭൂമി’യിൽ വന്ന ലേഖനങ്ങളും മുഖപ്രസംഗങ്ങളും കോൺഗ്രസ് നേതാക്കളായ മുഹമ്മദ് അബ്ദുറഹ്മാനും മൊയ്തു മൗലവിയുമടക്കമുള്ളവരെ വേദനിപ്പിച്ചു. ‘അൽ-അമീൻ’ പത്രത്തിലൂടെ ഇവർ മാതൃഭൂമിയുടെ മുസ്ലിംവിരുദ്ധ നിലപാടിനെ ആക്രമിച്ചു. തുടർന്ന് കെ മാധവൻ നായരുടെ ലേഖനപരമ്പര “മാതൃഭൂമി’ അവസാനിപ്പിച്ചു.
‘മുസ്ലി’മും ‘കേരള ചന്ദ്രിക’യും ഹിന്ദുക്കൾ – ബലാത്സംഗം ചെയ്ത മാപ്പിള സ്ത്രീകളുടെ കദനകഥകളടങ്ങിയ ലേഖനം പ്രസിദ്ധീകരിച്ചു. ഉത്തരേന്ത്യയിലെ ഹിന്ദു, മുസ്ലിം സംഘടനകൾ വിഷയം ഏറ്റെടുത്തു. ഹിന്ദുമഹാസഭ, ആര്യസമാജം തുടങ്ങിയ സംഘടനകളുടെ പ്രവർത്തനം മലബാറിലേക്ക് വ്യാപിപ്പിക്കാൻ ഈ കെട്ടുകഥ കാരണമായി.