കൊച്ചി
തൃക്കാക്കരയിലെ ഫ്ലാറ്റിൽനിന്ന് എംഡിഎംഎ പിടിച്ച കേസിൽ വീഴ്ചപറ്റിയെന്ന ആക്ഷേപത്തിൽ എക്സൈസ് അന്വേഷണം തുടങ്ങി. എക്സൈസ് അഡീഷണൽ കമീഷണർ (എൻഫോഴ്സ്മെന്റ്) അബ്ദുൾ റാഷിയുടെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതികളിൽനിന്ന് എക്സൈസ് പിടിച്ചെടുത്ത മാൻകൊമ്പ് വനംവകുപ്പ് ഏറ്റെടുത്തു.
കേസിൽ എഫ്ഐആർ തയ്യാറാക്കിയതിലെ പരിചയക്കുറവും വീഴ്ചയുമാണ് പ്രധാനമായും പരിശോധിക്കുക. കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചതിലും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിലും അന്വേഷകസംഘത്തിന് പിഴവ് പറ്റിയിട്ടുണ്ടോയെന്നും പരിശോധിക്കും. അന്വേഷണ റിപ്പോർട്ട് ഉടൻ സർക്കാരിന് കൈമാറുമെന്ന് അബ്ദുൾ റാഷി വ്യക്തമാക്കി. കേസിൽ അട്ടിമറിയില്ലെന്നും നടപടിക്രമങ്ങളിലെ കാലതാമസം മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നുമാണ് എക്സൈസ് നിലപാട്.
എക്സൈസ് പിടിച്ചെടുത്ത മാൻകൊമ്പ് തൊണ്ടിമുതലുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. അത് എറണാകുളം എക്സൈസ് കമീഷണറേറ്റ് ഓഫീസിൽ സൂക്ഷിച്ചിരുന്നു. ബുധനാഴ്ച റേഞ്ച് ഓഫീസർ ധനിക് ലാലിന്റെ നേതൃത്വത്തിലാണ് മാൻകൊമ്പ് കസ്റ്റഡിയിലെടുത്തത്. ഇത് വ്യാഴാഴ്ച പെരുമ്പാവൂർ എഫ്സിജെഎം കോടതിയിൽ ഹാജരാക്കും.