കൊച്ചി
നാടാർ ക്രിസ്ത്യൻ സംവരണം സ്റ്റേ ചെയ്ത സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി തീർപ്പാക്കി. പിന്നാക്കവിഭാഗങ്ങളെ പട്ടികയിൽ ഉൾപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകി കേന്ദ്രം പുതിയ നിയമം കൊണ്ടുവന്നതായി സർക്കാർ അറിയിച്ചു. ഭരണഘടനാഭേദഗതിയും ബില്ലും കോടതിയിൽ ഹാജരാക്കി.
സാഹചര്യം മാറിയെന്ന് നിരീക്ഷിച്ച ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ബെഞ്ച് ഹർജി തീർപ്പാക്കുകയായിരുന്നു. നിയമനിർമാണം സിംഗിൾ ബെഞ്ചിന്റെ ശ്രദ്ധയിൽപ്പെടുത്താനും അടിയന്തര പരിഗണനയ്ക്ക് സിംഗിൾ ബെഞ്ചിൽ അപേക്ഷ നൽകാനും കോടതി നിർദേശിച്ചു. മറാത്ത സംവരണക്കേസിലെ സുപ്രീംകോടതി ഉത്തരവ് കണക്കിലെടുക്കാതെയാണ് സിംഗിൾ ബെഞ്ച് സംവരണം
സ്റ്റേ ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാരിന്റെ അപ്പീൽ. സിഎസ്ഐ ഇതര ക്രിസ്ത്യൻ നാടാർ വിഭാഗങ്ങളെ പട്ടികയിൽപ്പെടുത്തിയ സംസ്ഥാന പിന്നാക്ക കമീഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു സർക്കാർ ഉത്തരവ്.
ദേശീയ പിന്നാക്ക കമീഷൻ റിപ്പോർട്ടിന്മേൽ സമഗ്രപട്ടിക രാഷ്ട്രപതി വിജ്ഞാപനം ചെയ്യുംവരെ നിലവിലുള്ള പട്ടിക തുടരാമെന്നാണ് ഭൂരിപക്ഷ ബെഞ്ചിന്റെ നിർദേശം. ഇക്കാര്യം സിംഗിൾ ബെഞ്ച് അവഗണിച്ചെന്ന് സർക്കാർ അറിയിച്ചു. ക്രിസ്ത്യൻ വിഭാഗങ്ങളെ നാടാർസംവരണ പരിധിയിൽനിന്ന് ഒഴിവാക്കണമെന്ന ചില സംഘടനകളുടെ ആവശ്യം ഹൈക്കോടതിതന്നെ തള്ളിയിട്ടുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി.