ന്യൂഡൽഹി
മുസഫർനഗർ കലാപത്തില്‍ ബിജെപി നേതാക്കൾ പ്രതിയായ 77 കേസ് പിന്‍വലിച്ച യുപി സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതിയില്‍ അമിക്കസ്ക്യൂറി റിപ്പോര്‍ട്ട്. രാഷ്ട്രീയ പരിഗണനയാലാണ് കേസ് പിൻവലിച്ചതെന്ന് റിപ്പോർട്ടിൽ പരോക്ഷ സൂചന. സംഘപരിവാർ ആസൂത്രണംചെയ്ത 2013ലെ കലാപത്തില്‍ മന്ത്രി സുരേഷ് റാണ, ബിജെപി എംഎൽഎ സംഗീത് സോം, വിഎച്ച്പി നേതാവ് സാധ്വി പ്രാചി തുടങ്ങിയവര്‍ പ്രതിയായ കേസുകള്‍ ക്രിമിനൽ ചട്ടം 321 പ്രകാരം ആദിത്യനാഥ് സർക്കാർ മാർച്ചിലാണ് പിന്‍വലിച്ചത്. ഈ നടപടി ഹൈക്കോടതി പുനഃപരിശോധിക്കണമെന്ന് അമിക്കസ്ക്യൂറി വിജയ് ഹൻസരിയ റിപ്പോർട്ടിൽ നിര്‍ദേശിച്ചു. എംപിമാർക്കും എംഎൽഎമാർക്കുമെതിരായ ക്രിമിനൽ കേസുകളുടെ സ്ഥിതിവിവരം വിശദീകരിക്കുന്ന റിപ്പോർട്ടാണ് അമിക്കസ്ക്യൂറി സമര്‍പ്പിച്ചത്.
ജീവപര്യന്തം ശിക്ഷ കിട്ടാവുന്ന കൊള്ളയടിക്കൽ അടക്കമുള്ള കുറ്റം ചുമത്തിയ കേസുകള്‍ കാരണം വിശദീകരിക്കാതെയാണ് പിൻവലിച്ചത്. പൊതുതാൽപ്പര്യ പ്രകാരം കേസുകൾ പിൻവലിക്കാം, രാഷ്ട്രീയ പരിഗണനകളാൽ പറ്റില്ല. എംപിമാർക്കും എംഎൽഎമാർക്കുമെതിരായ കേസുകൾ ഹൈക്കോടതിയുടെ അനുമതികൂടാതെ പിൻവലിക്കരുതെന്ന് കെ അജിത് കേസിൽ സുപ്രീംകോടതി വ്യക്തമാക്കിണ്ട്. ഇതിന് ചില നിർദേശങ്ങൾകൂടി നൽകണം–- കേസ് അടിസ്ഥാനരഹിതമാണെന്നും തെറ്റായാണ് പ്രതിചേർത്തതെന്നും ഉത്തമബോധ്യമുണ്ടെങ്കിൽമാത്രം പിൻവലിക്കൽ നിർദേശം നൽകുക. പിൻവലിക്കുന്നതിന്റെ കാരണം ആഭ്യന്തര സെക്രട്ടറി രേഖപ്പെടുത്തുക. ഒരുകൂട്ടം ആളുകൾക്കെതിരായതോ അതല്ലെങ്കിൽ പ്രത്യേക കാലയളവിലെയോ കേസുകൾ കൂട്ടമായി പിൻവലിച്ചുള്ള പൊതുഉത്തരവ് വിലക്കുക–- റിപ്പോർട്ടിൽ പറയുന്നു.
2013 ആഗസ്ത്–- സെപ്തംബറിൽ 62 പേർ കൊല്ലപ്പെടുകയും അരലക്ഷത്തോളംപേർ പലായനത്തിന് നിർബന്ധിതരാവുകയുംചെയ്ത കലാപത്തിൽ ആകെ 510 കേസുണ്ട്. 175ലും കുറ്റപത്രം സമർപ്പിച്ചു. 170 എണ്ണം തള്ളി.