തിരുവനന്തപുരം
കരുവന്നൂർ സഹകരണ ബാങ്കിന്റെ ആസ്തി ബാധ്യതകൾ തിട്ടപ്പെടുത്താൻ മൂന്നംഗ സമിതിയെ നിയോഗിച്ചു. നിക്ഷേപകർക്ക് മടക്കിനൽകേണ്ട തുകയും സമിതി വിലയിരുത്തും. വായ്പ തിരിച്ചുപിടിക്കൽ നടപടികൾക്കും സമിതിയെ ചുമതലപ്പെടുത്തി. സഹകരണ സംഘം രജിസ്ട്രാർക്കാണ് നേതൃത്വം. തിരിമറി കേസിലെ പ്രതികളുടെ ആസ്തി വിലയിരുത്തി, അത് കൈവിട്ടുപോകാതിരിക്കാനുള്ള നടപടികൾക്കും സമിതിയോട് നിർദേശിച്ചിട്ടുണ്ടെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ പറഞ്ഞു. വകുപ്പ് അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്കിന്റെ വ്യാപാര സമുച്ചയത്തിന്റെയും നീതി സ്റ്റോറുകളുടെയും വരുമാനവും പരിഗണിച്ചുള്ള നടപടികളായിരിക്കും പരിഗണിക്കുക. നിക്ഷേപം തിരികെനൽകുന്നതിന് പാക്കേജ് തയ്യാറാകുന്നുണ്ട്. പ്രവർത്തന മിച്ചമുള്ള സഹകരണ സംഘങ്ങൾ, കേരള ബാങ്ക്, സഹകരണ റിസ്ക് ഫണ്ട് ബോർഡ് എന്നിവയുടെ കൺസോർഷ്യം രൂപീകരിക്കുകയാണ്. വകുപ്പ് നിയോഗിച്ച ഉന്നത അന്വേഷകസംഘത്തിന്റെ ഇടക്കാല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്. അന്തിമ റിപ്പോർട്ട് ഉടൻ ലഭിക്കും. ഇത് പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കും. കെയർഹോം പദ്ധതിയിൽ തൃശൂരിൽ പൂർത്തിയായ 40 ഫ്ളാറ്റ് അടുത്തമാസം കൈമാറും. ആലപ്പുഴയിൽ പത്ത് വീടിന്റെ നിർമാണവും പൂർത്തിയായി. അടുത്തമാസം മുഖ്യമന്ത്രി പിണറായി വിജയൻ വീടുകൾ കൈമാറുമെന്നും മന്ത്രി പറഞ്ഞു.