ന്യൂഡൽഹി
പെഗാസസ് ചാരവൃത്തിയിൽ ജുഡീഷ്യൽ അന്വേഷണം തൽക്കാലം തുടങ്ങരുതെന്ന് ബംഗാൾ സർക്കാരിനോട് സുപ്രീംകോടതി. ജുഡീഷ്യൽ അന്വേഷണം തേടിയുള്ള ഹർജികൾ പരിഗണിക്കുന്നതിനാലാണ് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ഡിവിഷൻബെഞ്ചിന്റെ വാക്കാൽ നിർദേശം. സന്ദേശം സംസ്ഥാന സർക്കാരിനെ അറിയിക്കാമെന്ന് ബംഗാളിനുവേണ്ടി ഹാജരായ അഭിഭാഷകൻ അഭിഷേക് മനു സിങ്വി ഉറപ്പ് നൽകിയതിനാൽ ബെഞ്ച് ഉത്തരവിറക്കിയില്ല.ചാരവൃത്തി അന്വേഷിക്കാൻ സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് മദൻ ബി ലോക്കൂറിന്റെ നേതൃത്വത്തില്‍ കമീഷനെ ബംഗാൾ നിയോഗിച്ചത്
ചോദ്യംചെയ്ത് ‘ഗ്ലോബൽ വില്ലേജ് ഫൗണ്ടേഷൻ’ നൽകിയ ഹർജിയാണ് പരിഗണിച്ചത്. മറ്റ് ഹർജികൾക്കൊപ്പം പരിഗണിക്കാൻ കേസ് അടുത്ത ആഴ്ചയിലേക്ക് മാറ്റി.
വാദം കേട്ടശേഷം ഉടൻ സമഗ്രമായ ഉത്തരവ് ഉണ്ടാകും. ബംഗാൾ അന്വേഷണം തുടങ്ങിയാൽ ഇടപെടേണ്ടിവരുമെന്ന് ജസ്റ്റിസ് സൂര്യകാന്ത് അടങ്ങിയ ബെഞ്ച് പ്രതികരിച്ചു.
അധികാരപരിധിക്കു പുറത്തുള്ള വിഷയത്തിലാണ് ബംഗാൾ അന്വേഷണം പ്രഖ്യാപിച്ചതെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ ഹരീഷ് സാൽവെ വാദിച്ചു.
കേന്ദ്രംനിഷ്ക്രിയത്വം തുടരുന്നതിനാലാണ് സംസ്ഥാനം കമീഷനെ നിയോഗിച്ചതെന്ന് ബംഗാൾ എതിർ സത്യവാങ്മൂലം നൽകി. രാജ്യസഭാംഗം ജോൺ ബ്രിട്ടാസ്, മാധ്യമപ്രവർത്തകരായ എൻ റാം, ശശികുമാർ, പരൻജോയ് തക്കുർത്ത തുടങ്ങിയവരാണ് പെഗാസസിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.