ന്യൂഡൽഹി
എംപിമാരും എംഎൽഎമാരും ഉൾപ്പെട്ട കേസുകളിൽ വർഷങ്ങൾ കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും സിബിഐക്കും സുപ്രീംകോടതിയുടെ നിശിത വിമർശം.
അന്വേഷണത്തിൽ എന്തെങ്കിലും കഴമ്പുണ്ടെങ്കിൽ കുറ്റപത്രം സമർപ്പിക്കണമെന്നും കേസ് അനന്തമായി നീട്ടരുതെന്നും ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരുൾപ്പെട്ട പ്രത്യേക ബെഞ്ച് നിർദേശിച്ചു. എംപിമാർക്കും എംഎൽഎമാർക്കുമെതിരായ കേസുകളുടെ വിവരങ്ങൾ ഇഡിയും സിബിഐയും അമിക്കസ് ക്യൂറി വിജത് ഹൻസരിയ മുഖാന്തരം കോടതിയിൽ സമർപ്പിച്ചു. റിപ്പോർട്ട് അപൂർണമാണെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. കുറ്റപത്രം വൈകുന്നതിന് കാരണമില്ല. 15 വർഷമായ കേസുകളുണ്ട്. 200 കോടിയുടെ സ്വത്ത് പിടിച്ചെടുത്ത കേസിൽ ഒന്നും ഫയൽ ചെയ്തിട്ടില്ല. ഇഡിയുടെ കാര്യത്തിൽ പല കേസിലും ഒരു അനക്കവുമില്ല–- ചീഫ് ജസ്റ്റിസ് പറഞ്ഞു.
ആൾശേഷി, പശ്ചാത്തലസൗകര്യം തുടങ്ങിയ കാര്യങ്ങളിൽ സോളിസിറ്റർ ജനറൽ ഇഡി–- സിബിഐ ഡയറക്ടർമാരുമായി സംസാരിക്കണം.കേസ് നീളുന്നതിൽ നിർദേശം സമർപ്പിക്കാൻ സുപ്രീംകോടതി മുൻ ജഡ്ജിയോ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസോ തലവനായി പ്രത്യേക സമിതി രൂപീകരിക്കണമെന്ന് അമിക്കസ് ക്യൂറി നിർദേശിച്ചു. സിബിഐ–- ഇഡി ഡയറക്ടർമാരെ ഉൾപ്പെടുത്താനും നിർദേശമുണ്ട്.
അപ്പീൽ വേഗത്തിൽ പരിഗണിക്കേണ്ടതില്ല
എംപിമാർക്കും എംഎൽഎമാർക്കുമെതിരായ കേസുകളിൽ വിചാരണ വേഗത്തിൽ പൂർത്തീകരിക്കാനാണ് നിർദേശിച്ചതെന്നും ക്രമംതെറ്റിച്ച് വേഗത്തിൽ കേൾക്കാൻ പറഞ്ഞിട്ടില്ലെന്നും സുപ്രീംകോടതി. ക്രിമിനൽ കേസുകളിൽ എംപിയോ എംഎൽഎയോ ശിക്ഷിക്കപ്പെട്ടാൽ മറ്റേതൊരു കുറ്റവാളിക്കും സമമാണെന്നും അപ്പീലിന് പ്രത്യേക പരിഗണനയുടെ ആവശ്യമില്ലെന്നും ചീഫ് ജസ്റ്റിസ് എൻ വി രമണയും ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും സൂര്യകാന്തും ഉൾപ്പെട്ട പ്രത്യേക ബെഞ്ച് വ്യക്തമാക്കി.
കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട മുൻ എംപിയുടെ അപ്പീൽ വേഗത്തിൽ പരിഗണിക്കുന്നതിനെ വാദിഭാഗം എതിർക്കുകയാണെന്ന് മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി ചൂണ്ടിക്കാട്ടിയപ്പോഴാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്.