കൊച്ചി
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധനയങ്ങൾക്കെതിരെയുള്ള പ്രത്യക്ഷസമരങ്ങളെക്കുറിച്ച് തീരുമാനിക്കാൻ കവരത്തിയിൽ ഉടൻ യോഗം ചേരുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം (എസ്എൽഎഫ്) ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എസ്എൽഎഫ്, ലക്ഷദ്വീപ് ബാർ അസോസിയേഷൻ (എൽബിഎ) ഉപദേശകസമിതി എന്നിവയുടെ സംയുക്തയോഗം കൊച്ചിയിൽ ചേർന്നിരുന്നു. എസ്എൽഎഫിന്റെ നേതൃത്വത്തിൽ രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി എന്നിവരെ നേരിൽ കണ്ട് വിഷയം അവതരിപ്പിക്കും.
കേരളത്തിലെ സർവകലാശാലകളുടെ കോഴ്സുകൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുന്നതും പിജി കോഴ്സുകൾ നിർത്തലാക്കുന്നതും എതിർക്കുമെന്ന് മുഹമ്മദ് ഫൈസൽ എംപി പറഞ്ഞു. ഇത്തരം നടപടികളിൽനിന്ന് അഡ്മിനിസ്ട്രേറ്റർ പിന്മാറണം. ജനപ്രതിനിധികളെ പരിഗണിക്കാതെയാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കണം. മത്സ്യത്തൊഴിലാളി ഷെഡുകൾ പൊളിച്ചുമാറ്റിയത് പുനർനിർമിക്കണം. മുൻ എംപി ഹംദുല്ല സെയ്തിന് എസ്എൽഎഫിൽനിന്ന് വ്യത്യസ്തമായ അഭിപ്രായമുണ്ടെന്ന പ്രചാരണത്തിനുപിന്നിൽ അഡ്മിനിസ്ട്രേറ്ററാണെന്ന് ഭാരവാഹികൾ പറഞ്ഞു.
എസ്എൽഎഫ് കോ–-ഓർഡിനേറ്റർ ഡോ. മുഹമ്മദ് സാദിഖ്, ജോയിന്റ് കൺവീനർ യു സി കെ തങ്ങൾ, സിപിഐ എം പ്രതിനിധി കോമളം കോയ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.