തിരുവനന്തപുരം/ന്യൂഡൽഹി
കേരളത്തിലെ ഡിസിസി പ്രസിഡന്റ് നിയമനത്തിൽ അഞ്ച് ജില്ലയിൽ തർക്കം രൂക്ഷമാകുന്നു. ഇതിനിടെ അന്തിമ പട്ടിക സംബന്ധിച്ച് ഡൽഹിയിൽ നീക്കം സജീവമാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലയിലാണ് തർക്കം. ഒമ്പത് ജില്ലയിൽ ഒറ്റപ്പേരിൽ എത്തിയെങ്കിലും പട്ടിക പുറത്തുവന്നാൽ കലാപത്തിന് വഴിതുറക്കുമെന്ന ഭയത്തിലാണ് നേതൃത്വം.
വീണ്ടും ഡൽഹിയിലെത്തിയ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ബുധനാഴ്ച സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് മാധ്യമപ്രവർത്തകരെ കണ്ട സുധാകരൻ എല്ലാ ജില്ലയിലും ഒറ്റപ്പേരിൽ എത്തിയെന്നും അന്തിമപട്ടിക ഹൈക്കമാൻഡിന് കൈമാറിയെന്നും അവകാശപ്പെട്ടു. എന്നാൽ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഇത് നിരാകരിച്ചതോടെ തർക്കം അവസാനിച്ചില്ലെന്ന് വ്യക്തമായി. അഞ്ച് ജില്ലയിൽ ഒന്നിലേറെ പേരുള്ള പട്ടികയാണ് സുധാകരൻ നൽകിയത്. ഈ ജില്ലകളിൽ അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേതാണ്. ഗ്രൂപ്പുകളും നേതാക്കളും നടത്തിയ വീതംവയ്പിലാണ് ഒമ്പത് ജില്ലയിൽ സമവായമായത്.
ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും അവഗണിച്ച് നീങ്ങുന്ന കെ സുധാകരൻ, കെ സി വേണുഗോപാൽ, വി ഡി സതീശൻ എന്നിവർക്കിടയിലും ചില പേരിൽ തർക്കമുണ്ട്.
സതീശൻ അഭിനവ
തുഗ്ലക്കെന്ന്
ഡിസിസി പ്രസിഡന്റുമാരുടെ പ്രഖ്യാപനത്തിനുമുമ്പ് തുടങ്ങിയ സൈബർ പോരും പോസ്റ്റർ യുദ്ധവും ബുധനാഴ്ചയും തുടർന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ എറണാകുളത്ത് പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. കോൺഗ്രസിനെ നശിപ്പിക്കുന്ന അഭിനവ തുഗ്ലക്കായ സതീശന്റെ വഞ്ചനയും കള്ളക്കളിയും തിരിച്ചറിയണമെന്നാണ് പോസ്റ്ററിലുള്ളത്.
കോൺഗ്രസിന്റെ ഔദ്യോഗിക സൈബർ ടീം രമേശ് ചെന്നിത്തലയ്ക്കെതിരെ ഫെയ്സ്ബുക്കിൽ രൂക്ഷ വിമർശമുയർത്തിയിരുന്നു. ഇതിന് തിരിച്ചടിയായാണ് സതീശനെതിരെ സ്വന്തം ജില്ലയായ എറണാകുളത്ത് പോസ്റ്റർ ഒട്ടിച്ചത്. മുതിർന്ന നേതാക്കളെ അവഗണിക്കുന്ന സതീശന്റെ പൊയ്മുഖം തിരിച്ചറിയണമെന്നും പോസ്റ്ററിലുണ്ട്.
തർക്ക ജില്ലകൾ
തിരുവനന്തപുരം: സ്വന്തം നോമിനിക്കായി പിടിമുറുക്കി ശശി തരൂർ എംപി.
ആലപ്പുഴ: എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ സ്വന്തം അനുയായിക്കായി രംഗത്ത്.
കോട്ടയം: എ ഗ്രൂപ്പിലെ മൂന്നു പേർ തമ്മിൽ മത്സരം.
പാലക്കാട്: കെ സുധാകരൻ നിർദേശിച്ചത് എ വി ഗോപിനാഥിനെ. കെ സി വേണുഗോപാൽ എ തങ്കപ്പനുവേണ്ടി നീക്കം കടുപ്പിച്ചു. വി ഡി സതീശൻ വി ടി ബലറാമിനായി രംഗത്ത്.
കൊല്ലം: സ്വന്തം നോമിനി വേണമെന്ന് കൊടിക്കുന്നിൽ സുരേഷ്.