കാക്കനാട്
ചെയർപേഴ്സണിന്റെ പണക്കിഴി വിതരണത്തിലൂടെ വിവാദമായ തൃക്കാക്കര നഗരസഭാ ഓഫീസിൽ വിജിലൻസ് പരിശോധന. ഫയലുകൾ കണ്ടെടുത്തു. ഭക്ഷ്യകിറ്റ് വിതരണത്തിലെ അഴിമതി, അനധികൃത നിയമനം, തോടുകളും കാനകളും നന്നാക്കൽ തുടങ്ങിയവ സംബന്ധിച്ച ഫയലുകളാണ് പിടിച്ചെടുത്തത്.
പ്രതിപക്ഷ കൗൺസിലർമാർ വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയിലാണ് പരിശോധന. സ്വകാര്യ മാളുകളിൽനിന്ന് കിറ്റ് വാങ്ങിയതിൽ മൂന്നുലക്ഷം രൂപയുടെ സമ്മാനക്കൂപ്പൺ നഗരസഭാ അധികൃതർക്ക് ലഭിച്ചിരുന്നു. ഇത് കൗൺസിലർമാർ അറിഞ്ഞിരുന്നില്ല. ഇതിലെ അഴിമതിയും ടെൻഡറും ക്വട്ടേഷനും പൂർത്തിയാക്കാതെ ഒരുകോടി രൂപ വിനിയോഗിച്ച് തോടുകൾ വൃത്തിയാക്കാൻ അനുമതി നൽകിയതും കോവിഡ് കാലത്ത് 15 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടശേഷം 24 പേരെ നിയമിച്ചതും അന്വേഷിക്കണമെന്നാണ് പരാതി.