തിരുവനന്തപുരം
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കോടികൾ വിലവരുന്ന വാഹനങ്ങൾ നിസ്സാരവിലയ്ക്ക് അദാനിക്ക് കൈമാറുന്നു. സുരക്ഷയ്ക്ക് ഉപയോഗിക്കുന്നത് ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ‘സൗജന്യ’മായി കേന്ദ്രം കൈമാറുന്നത്. വിമാനത്താവളം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നിലനിൽക്കുമ്പോഴാണിത്.
അഞ്ചുകോടി വിലവരുന്ന ഫയർ എഞ്ചിനുകൾ, ഉന്നതോദ്യോഗസ്ഥരുടെ ഇന്നോവയടക്കമുള്ള വാഹനം, ബൊലേറോ തുടങ്ങിയവയാണ് കൈമാറുന്നത്. പേരിന് ഒരു വില കാണിച്ച്, ഫലത്തിൽ സൗജന്യമായാണ് കൈമാറ്റം. മൂന്നും നാലും വർഷം മാത്രം പഴക്കമുള്ളവയും ഇതിലുണ്ട്. കരാർ ഒപ്പിട്ട് ഒരു വർഷമാകുമ്പോഴും ഏതാനും ജീവനക്കാർ ചുമതലയേറ്റതൊഴിച്ചാൽ വിമാനത്താവളം ഏറ്റെടുക്കാൻ അദാനിക്കായിട്ടില്ല. കൈമാറ്റത്തിനെതിരെ കേരളം നൽകിയ ഹർജി സുപ്രീംകോടതിയുടെ മുമ്പിലാണ്.
വിമാനത്താവള വിൽപ്പനയ്ക്കെതിരെ ജനകീയ പ്രതിഷേധവുമുണ്ടായി. ‘നടത്തിപ്പ്, നിയന്ത്രണം, വികസനം’ എന്ന നിലയിലാണ് തിരുവനന്തപുരം കൂടാതെ മംഗളൂരു, ജയ്പുർ, അഹമ്മദാബാദ്, ലഖ്നൗ, ഗുവാഹത്തി വിമാനത്താവളങ്ങൾ അമ്പതു വർഷത്തേക്ക് കേന്ദ്ര സർക്കാർ പാട്ടത്തിന് നൽകിയത്. കഴിഞ്ഞ വർഷം ആഗസ്തിൽ തിരുവനന്തപുരത്തിനും അദാനി കരാർ വച്ചു.
കോവിഡ് കണക്കിലെടുത്താണ് വിമാനത്താവളം ഏറ്റെടുക്കാൻ അദാനി സമയം നീട്ടി ചോദിക്കുന്നത്. എന്നാൽ, കേരളത്തിലെ സാഹചര്യവും അനുകൂലമല്ലെന്നതിനാലാണെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പൊതുആസ്തി വിറ്റഴിക്കൽ പട്ടികയിൽ കേരളത്തിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളവും ഉൾപ്പെട്ടിട്ടുണ്ട്.