തിരുവനന്തപുരം
രാജ്യത്ത് കോവിഡ് ‘എൻഡമിക് ’ (പ്രാദേശികമായി പതിവായി കണ്ടുവരുന്ന രോഗം) തലത്തിലേക്ക് ചുരുങ്ങുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ മുഖ്യശാസ്ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥൻ പറഞ്ഞു. പതിവ് രോഗമെന്നതുപോലെ എല്ലാവർക്കും അറിവുള്ള ഒന്നായി ഇത് മാറുകയാണ്. ഭയപ്പാട് മാറി ഇതോടൊപ്പം ജീവിക്കുകയെന്ന മാനസികാവസ്ഥ രൂപപ്പെടുന്നു.
രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ ജനത വ്യത്യസ്ത ആരോഗ്യ, രോഗപ്രതിരോധ ശേഷിയുള്ളവരാണ്. ഇതിനാൽ രോഗം പടരുന്നതും ഗുരുതരമാകുന്നതും വ്യത്യസ്ത അളവിലാകും. രണ്ടാം തരംഗത്തിലെ ചിലയിടങ്ങളിൽ മാത്രം വ്യാപനം എന്ന സ്ഥിതി തുടർന്നേക്കാം. 2022 അവസാനത്തോടെ 70 ശതമാനം പേർക്കും വാക്സിൻ നൽകാനാകും. ഇതോടെ സാധാരണ നിലയിലേക്ക് എത്താനാകും. മൂന്നാംതരംഗം സംബന്ധിച്ച് പ്രവചനം ഇപ്പോൾ സാധ്യമല്ല.
കുട്ടികളുടെ കാര്യത്തിൽ അമിത ആശങ്ക വേണ്ട. എന്നാൽ ശക്തമായ കരുതൽ വേണം. കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക വിഭാഗം സെപ്തംബർ പകുതിയോടെ അംഗീകാരം നൽകിയേക്കുമെന്നും ദ വയറിനു വേണ്ടി കരൺ ഥാപ്പർ നടത്തിയ അഭിമുഖത്തിൽ അവർ പറഞ്ഞു.