കൊല്ലം
കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷിനെതിരായ പോസ്റ്റർ പ്രചാരണം സംബന്ധിച്ച പരാതിയിൽ എ ഗ്രൂപ്പുകാരനായ കെപിസിസി സെക്രട്ടറി സൂരജ് രവിയിൽനിന്ന് പൊലീസ് മൊഴിയെടുത്തു. ഇതേ വിഷയത്തിൽ പരാതി നൽകിയ ഐ ഗ്രൂപ്പുകാരനായ ഡിസിസി ജനറൽ സെക്രട്ടറി തൃദീപ്കുമാർ മൊഴി നൽകാൻ എത്തിയില്ല.
പോസ്റ്റർ കാണപ്പെട്ട കൊല്ലം പ്രസ്ക്ലബ്ബിനു സമീപത്തെ സിസിടിവി ദൃശ്യം പരിശോധിച്ചതായി അന്വേഷക ചുമതലയുള്ള സിഐ രതീഷ് പറഞ്ഞു. എ, ഐ ഗ്രൂപ്പുകളിലെ രണ്ട് ഉന്നതരുടെ അറിവോടെയാണ് പോസ്റ്ററെന്ന പ്രചാരണം ശക്തമാണ്. ഐ ഗ്രൂപ്പ് നേതാവിന്റെ കാറിലാണ് പോസ്റ്റർ എത്തിച്ചതെന്നും ആരോപണമുണ്ട്. കൊല്ലം ഡിസിസി പ്രസിഡന്റായി കൊടിക്കുന്നിൽ നിർദേശിച്ചത് കെപിസിസി ജനറൽ സെക്രട്ടറി പി രാജേന്ദ്രപ്രസാദിനെയാണ്. എ ഗ്രൂപ്പ് നിർദേശിച്ചവരിൽ സൂരജ് രവിയും കെപിസിസി ജനറൽ സെക്രട്ടറി എ ഷാനവാസ്ഖാനുമാണുള്ളത്.
തനിക്ക് ഗ്രൂപ്പില്ലെന്ന്
വി ഡി സതീശൻ
തിഡിസിസി പ്രസിഡന്റ് പട്ടികയിൽ ഗ്രൂപ്പ് സമ്മർദ്ദത്തിന് കീഴ്പ്പെടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഗ്രൂപ്പിനേക്കാൾ വലുതാണ് പാർടി. എനിക്ക് ഗ്രൂപ്പില്ല. എറണാകുളത്തെ പോസ്റ്ററിന് പിന്നിൽ ശത്രുക്കളാണ്. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഡിസിസി പ്രസിഡന്റ് പട്ടികയ്ക്കെതിരെ രംഗത്ത് വന്ന സാഹചര്യത്തിലാണ് സതീശന്റെ ഈ തുറന്നടിക്കൽ. പുതിയ ഡിസിസി പ്രസിഡന്റുമാർ ഗ്രൂപ്പിന് അതീതമായിരിക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പറയാതെ സതീശൻ ഒഴിഞ്ഞുമാറി.