തിരുവനന്തപുരം > പണി പൂര്ത്തിയാകാത്ത ദേശീയ പാത 66 ലെ കഴക്കൂട്ടം – കാരോട് ബൈപ്പാസില് തിരുവല്ലത്ത് ടോള് പിരിക്കുന്നത് നിര്ത്തിവെക്കണമെന്നാവശ്യപ്പെട്ട് നേമം നിയോജക മണ്ഡലം എംഎല്എയും പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രിയുമായ വി ശിവന്കുട്ടി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന് ഗഡ്കരിക്ക് കത്തയച്ചു. കോവളം മുതല് കാരോട് വരെയുള്ള 21 കിലോമീറ്റര് റോഡ് നിര്മാണം പകുതിപോലും പൂര്ത്തിയാക്കിയിട്ടില്ല. ടോള് പ്ലാസക്ക് സമീപം താമസിക്കുന്നവരുടെ ആശങ്കകള് ഇനിയും പരിഹരിച്ചിട്ടില്ല. നിത്യവും യാത്രചെയ്യുന്ന പ്രദേശത്തുള്ളവര്ക്ക് മറ്റ് സൗകര്യങ്ങളും ഏര്പ്പാടാക്കിയിട്ടില്ലെന്ന് മന്ത്രി കത്തില് ചൂണ്ടിക്കാട്ടി.
ജനങ്ങളുടെ പ്രതിഷേധം കേന്ദ്ര സര്ക്കാര് കണ്ടില്ലെന്ന് നടിക്കരുത് എന്ന് മന്ത്രി വി ശിവന്കുട്ടി പ്രസ്താവനയില് പറഞ്ഞു. ഒരാഴ്ചയായി പ്രദേശത്ത് ജനകീയസമരങ്ങള് നടക്കുകയാണ്. വിഷയത്തില് കേന്ദ്രസഹമന്ത്രി വി മുരളീധരനും തിരുവനന്തപുരം എംപി ശശി തരൂരും ഇടപെട്ട് പരിഹാരം ഉണ്ടാക്കാന് ശ്രമിക്കണം. തിരുവല്ലം – കൊല്ലംതറ ഭാഗത്തെ ടോള് ബൂത്തില് നിന്ന് 4 കിലോമീറ്റര് ഭാഗം മാത്രമാണ് ഇപ്പോള് ഗതാഗതയോഗ്യമായിട്ടുള്ളത്. ജനവാസ മേഖലയിലൂടെയാണ് ദേശീയപാത കടന്നു പോകുന്നത്. പ്രദേശവാസികള്ക്ക് അത്യാവശ്യ സര്വീസുകള്ക്ക് പോലും ടോള് നല്കേണ്ട അവസ്ഥയാണ് ഉള്ളത്. അമിതമായ തുകയാണ് ടോള് ആയി നല്കേണ്ടിവരുന്നത്.
അശാസ്ത്രീയമായാണ് ടോള് ബൂത്തുകള് സ്ഥാപിച്ചിട്ടുള്ളത്. മഴ പെയ്താല് പ്രദേശത്ത് വെള്ളക്കെട്ട് ഉണ്ടാകുകയാണ്. ഈ വിഷയത്തില് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര് സ്വീകരിക്കുന്ന നടപടികള് ജനവിരുദ്ധമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.