ഓക്ലന്‍ഡ്: വിരാട് കോഹ്ലി കളത്തില്‍ ആവേശത്തോടെ മത്സരത്തെ സമീപിക്കുമെങ്കിലും പുറത്ത് സൗമ്യനായ വ്യക്തിയാണെന്ന് റോയല്‍ ചലഞ്ചേഴ്സ് താരവും ന്യൂസിലന്‍ഡ് പേസ് ബോളറുമായ കൈൽ ജാമിസണ്‍. കളത്തില്‍ തുടരാനും വിജയത്തോട് കൂടുതല്‍ അഭിനിവേശവും കാണിക്കുന്ന താരമാണ് കോഹ്ലിയെന്നു ജാമിസണ്‍ കൂട്ടിച്ചേര്‍ത്തു.
“കോഹ്ലിയൊരു നല്ല വ്യക്തിയാണ്. അദ്ദേഹത്തിനെതിരെ രണ്ട് തവണ ഞാന്‍ കളിച്ചിട്ടുണ്ട്. വളരെ തീവ്രതയോടെയാണ് കോഹ്ലി കളിയെ സമീപിക്കുന്നത്. എന്നാല്‍ കളത്തിന് പുറത്ത് നല്ലവനും സ്വാഗതാര്‍ഹനുമാണ്,” ജാമിസണ്‍ സെൻസ് റേഡിയോയിലെ ‘ബാസ് ആൻഡ് ഐസി ബ്രേക്ക്ഫാസ്റ്റ് ഷോ’ പോഡ്‌കാസ്റ്റിൽ പറഞ്ഞു.
26 വയസുകാരനായി ജാമിസണിനെ 15 കോടി രൂപയ്ക്കാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമിലെത്തിച്ചത്. ഐപിഎൽ പോലുള്ള ഒരു ടൂർണമെന്റിൽ കളിക്കാൻ കഴിയുന്നത് ഭാഗ്യമാണെന്ന് പറഞ്ഞ ജാമിസൺ, ലോക്ക്ഡൗൺ കാരണം ഇന്ത്യയിലുടനീളമുള്ള യാത്രാ അനുഭവം തനിക്ക് നഷ്ടമായെന്നും കൂട്ടിച്ചേര്‍ത്തു.
“പല താരങ്ങള്‍ എങ്ങനെ കളിയെ സമീപിക്കുന്നു എന്നത് കാണാന്‍ സാധിക്കുന്നത് നല്ലതാണ്. ടീമില്‍ മികച്ച വിദേശ താരങ്ങളുമുണ്ട്. ഐപിഎല്‍ പോലൊരു ടൂര്‍ണമെന്റിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് വലിയ കാര്യമാണമെന്ന് വിശ്വസിക്കുന്നു,” ജാമിസണ്‍ വ്യക്തമാക്കി.
“ഞാന്‍ ഇന്ത്യയിലായിരുന്നപ്പോള്‍ അവിടെ ലോക്ക്ഡൗണ്‍ ആയിരുന്നു. കൂടുതല്‍ സമയവും ബയോ ബബിളിനുള്ളിലും. യാത്ര ചെയ്യാനൊന്നും കഴിയാത്തതില്‍ നിരാശനാണ്. കാര്യങ്ങള്‍ നിയന്ത്രണവിധേയമായതിന് ശേഷം ഇന്ത്യയില്‍ പോകാനും എല്ലാം ആസ്വദിക്കാനും കഴിയുമെന്നാണ് പ്രതീക്ഷ,” ജാമിസണ്‍ പറഞ്ഞു.
Also Read: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് പട്ടികയിൽ ഇന്ത്യ ഒന്നാമത്
The post കളത്തിലെ ആവേശത്തിനപ്പുറം കോഹ്ലി നല്ല വ്യക്തി: കെയില്‍ ജാമിസണ്‍ appeared first on Indian Express Malayalam.