ലീഡ്സ് > ലോർഡ്സ്സിലെ വിജയം നൽകിയ ആത്മവിശ്വാസവുമായി മൂന്നാം ടെസ്റ്റിനായി ലീഡ്സിലിറങ്ങിയ ഇന്ത്യയ്ക്ക് നിരാശ. ഹെഡിംഗ്ലിയിലെ പിച്ചിൽ തീകാറ്റായ ജെയിംസ് ആന്ഡേഴ്സണിന്റെ പന്തുകൾക്ക് മുന്നിൽ ടീം ഇന്ത്യയ്ക്ക് പൊരുതി നിൽക്കാൻ പോലുമായില്ല. 40 ഓവറിൽ 78 റൺസിന് ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് അവസാനിച്ചു.
ടെസ്റ്റ് ചരിത്രത്തില് ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ ഒന്പതാമത്തെ സ്കോറാണിത്. 2020ല് ഓസ്ട്രേലിയയ്ക്കെതിരെ 36 റണ്സിനു പുറത്തായതാണ് ടെസ്റ്റിലെ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്കോര്.
ആദ്യ ഓവറിലെ അഞ്ചാം പന്തിൽ ഓപ്പണർ കെ എൽ രാഹുലിനെ കീപ്പർ ജോസ് ബട്ട്ലറുടെ കൈയിലെത്തിച്ച് ആന്ഡേഴ്സന്റെ വകയായിരുന്നു ആദ്യപ്രഹരം. സ്കോർ ബോർഡിൽ മൂന്ന് റൺ കൂടിചേർക്കുന്നതിനിടയിൽ പുജാരയും വീണു. ആന്ഡേഴ്സന്റെ അതിമനോഹമായ ഔട്ട്സിങ്ങറാണ് പുജാരയുടെ കണക്കുകൾ തെറ്റിച്ചത്. വ്യക്തിഗത സ്കോർ ഏഴിൽ നിൽക്കുബോൾ കോഹ്ലിയെയും മടക്കി ആന്ഡേഴ്സൺ ഇംഗ്ലണ്ടിന് സ്വപ്ന തുടക്കം സമ്മാനിച്ചു. അൽപ്പമെങ്കിലും പ്രതിരോധിച്ച രോഹിത് ശർമയ്ക്കും (105 പന്തില് 19 റണ്സ്) വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയ്ക്കും (53 പന്തില് 18 റണ്സ്) മാത്രമാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കടക്കാനായത്. പിന്നിട് നിവർന്ന് നിൽക്കാൻ പോലുമാകാതെ ഇന്ത്യൻ വാലറ്റവും കൂടാരം കയറി.
ജയിംസ് ആന്ഡേഴ്സന്, ക്രെയ്ഗ് ഓവര്ട്ടന് എന്നിവര് 3 വിക്കറ്റ് വീതം വീഴ്ത്തി. ഒലി റോബിന്സന്, സാം കറന് എന്നിവര് 2 വിക്കറ്റ് വീതവും.