മണ്ണാർക്കാട് > മണ്ണാർക്കാട് തിരുവിഴാംകുന്നിൽ പതിനാറ് വയസുകാരിയെ കഴുത്തിൽ തുണി ചുറ്റി കൊല്ലാൻ ശ്രമിച്ച കേസിൽ പിടിയിലായ യുവാവ് കുറ്റം സമ്മതിച്ചതായി പൊലീസ്. പെൺകുട്ടിയും അയൽവാസിയായ ജംഷീറുമായി അടുപ്പത്തിലായിരുന്നുവെന്ന് പറയുന്നു. ഇവർക്കിടയിലുണ്ടായ കലഹമാണ് കൊലപാതക ശ്രമത്തിലെത്തിയതെന്നും പൊലീസ് പറയുന്നു. പ്രതിക്കെതിരെ വധശ്രമം, വീട്ടിൽ അതിക്രമിച്ച് കയറൽ വകുപ്പുകൾ പ്രകാരം കേസെടുത്തു.
തിരുവിഴാംകുന്ന് മലേരിയത്ത് മദ്രസ്സക്കടുത്ത് ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. സംഭവസമയം പെൺകുട്ടിയും സഹോദരനും മുത്തശ്ശിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടിനകത്ത് കയറിയ പ്രതി ഉറങ്ങുകയായിരുന്ന പെൺകുട്ടിയുടെ കഴുത്തിൽ ഷാൾ കുരുക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ടെത്തിയ മുത്തശ്ശിയെ ചവിട്ടിവീഴ്ത്തി ഓടിയ ജംഷീർ ഒളിവിൽ പോയി.
ഗുരുതരാവസ്ഥയിലുള്ള പെൺകുട്ടി പെരിന്തൽമണ്ണയിലെ ആശുപത്രിയിലാണ്. പെൺകുട്ടിയുടെ മൊഴിയെടുത്തശേഷം മറ്റ് നടപടികൾ എടുക്കും. ലൈംഗിക പീഡനം നടന്നിട്ടുണ്ടോയെന്നും പരിശോധിക്കും.