തിരുവനന്തപുരം > ഗന്ധശേഷിയിലെ വ്യതിയാനം മനസ്സിലാക്കി കോവിഡ് കണ്ടെത്താനുള്ള ഉപകരണവുമായി രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ ന്യൂറോ സ്റ്റെം സെൽ വിഭാഗം. കോവിഡ് 19 അനോസ്മിയ ചെക്കർ (കോവി സ്മെൽ) എന്നാണ് പുതിയ ഉപകരണത്തിന്റെ പേര്. പ്രത്യേക പരിശീലനം ആവശ്യമില്ലാതെ ആർക്കും ഉപയോഗിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത.
പരിശോധനാ കിറ്റിൽ ലഭ്യമായ ആറ് സാഷെയിലൂടെയാണ് പരിശോധന. ഓരോന്നും മണപ്പിച്ച് ലഭ്യമായ ഗന്ധം ഏതെന്ന് ഇൻസ്റ്റർ ആപ്പിലോ (പ്ലേ സ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്യാം) www.inster.in എന്ന വെബ്സൈറ്റിലോ രേഖപ്പെടുത്തണം. തുടർന്ന് ഫലം വ്യക്തമാകും. www.inster.in ൽ നിന്ന് പരിശോധനാ കിറ്റ് വാങ്ങാം. 69 രൂപ മാത്രമാണ് നിരക്ക്.
ഗന്ധം തിരിച്ചറിയാനുള്ള താൽക്കാലിക നഷ്ടം കോവിഡിന്റെ ലക്ഷണമാണ്. ഈ ലക്ഷണം അതിവേഗം കണ്ടെത്തി രോഗനിർണയം നടത്തുകയാണ് കോവി സ്മെൽ ചെയ്യുന്നത്. ഗന്ധം പൂർണമായി തിരിച്ചറിയാൻ കഴിയാതെപോയോ എന്നും ഏറ്റക്കുറച്ചിൽ ഉണ്ടോയെന്നും ഫലത്തിലൂടെ അറിയാം. വേദന ഇല്ലാത്തതും ആയാസരഹിതവുമായ ഈ സംവിധാനം വ്യക്തികൾക്കും കൂട്ടപരിശോധനകൾക്കും ഒരുപോലെ ഉപയോഗിക്കാം.