ന്യൂഡൽഹി > മുസാഫിർ നഗർ കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 77 ക്രിമിനൽ കേസുകൾ ഉത്തർപ്രദേശ് സർക്കാർ അകാരണമായി പിൻവലിച്ചതായി അമിക്കസ് ക്യൂറി സുപ്രിംകോടതിയെ അറിയിച്ചു. ഐപിസി 371 വകുപ്പ് പ്രകാരം ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന കൊള്ളയടക്കമുള്ള കേസുകളാണ് അവയെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
രാഷ്ട്രീയ നേതാക്കൾ ഉൾപ്പെട്ട കേസുകൾ വേഗത്തിൽ തീർക്കുന്നതുമായി ബന്ധപ്പെട്ട് അഭിഭാഷകൻ അശ്വിനി ഉപാധ്യായ നൽകിയ കേസിൽ കോടതി അമിക്കസ് ക്യൂറിയായി നിയോഗിച്ച മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിയക്കു വേണ്ടി അഡ്വ. സ്നേഹ കലിതയാണ് റിപ്പോർട്ട് സമർപ്പിച്ചത്.
2013‐ൽ നടന്ന മുസാഫർ നഗർ കലാപവുമായി ബന്ധപ്പെട്ട് 510 ക്രിമിനൽ കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 175 കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു. 165 എണ്ണത്തിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുകയും 170 കേസുകൾ റദ്ദാക്കുകയും ചെയ്തിരുന്നു. തുടർന്നാണ് 77 കേസുകൾ സിആർപിസി 321ാം വകുപ്പ് പ്രകാരം സർക്കാർ പിൻവലിച്ചതായി അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവിൽ കേസുകൾ പിൻവലിക്കുന്നതിനെ സാധൂകരിക്കുന്ന യാതൊരു കാരണവും ചൂണ്ടിക്കാണിച്ചിട്ടില്ല. ഇങ്ങനെ കേസുകൾ പിൻവലിച്ച നടപടി ഹൈക്കോടതി പുനപരിശോധിക്കേണ്ടതുണ്ടെന്നും അമിക്കസ് ക്യൂറി റിപ്പോർട്ടിൽ പറയുന്നു.
2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി നേതാക്കള് മുസാഫിർ നഗറിൽ നടത്തിയ വിദ്വേഷ പ്രസംഗത്തെ തുടര്ന്നാണ് കലാപം പൊട്ടിപ്പുറുപ്പെട്ടത് . കലാപത്തിന് പിന്നില് പ്രവര്ത്തിച്ചവരെന്ന് കണ്ടെത്തിയതിനെ തുടര്ന്ന് നിരവധി ബിജെപി നേതാക്കള്ക്കെതിരെ അന്നത്തെ അഖിലേഷ് യാദവ് സര്ക്കാർ ക്രിമിനല് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.
ബിജെപി അധികാരത്തിൽ വന്നതിന് പിന്നാലെ ഈ കേസുകൾ പിന്വലിക്കാനുള്ള നിയമസാധുത തേടി മുസാഫര് നഗര് ജില്ലാ മജിസ്ട്രേറ്റ്, പോലീസ് മേധാവി എന്നിവര്ക്ക് നീതിന്യായ വകുപ്പ് സ്പെഷ്യല് സെക്രട്ടറി രാജ് സിങ് കത്തയച്ചിരുന്നു. കേസുകളെല്ലാം പിന്വലിച്ച് ബിജെപിയുടെ എംപിമാരടക്കമുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു ഇത്.