മാപ്പെഴുതിക്കൊടുത്ത് ആന്തമാനിലെ ജയിലിൽനിന്ന് തടിതപ്പിയവരുടെ പിൻമുറക്കാരുടെ രാജ്യസ്നേഹ സർട്ടിഫിക്കറ്റ് 1921ൽ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കും ആലി മുസ്ല്യാർക്കും വേണ്ടെന്ന് കെ ടി ജലീൽ എംഎൽഎ പറഞ്ഞു.
ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടും എം പി നാരായണമേനോനും വൈദ്യരത്നം പി എസ് വാര്യരും കെ മാധവൻ നായരും കമ്പളത്ത് ഗോവിന്ദൻ നായരും എ കെ ഗോപാലനും ഇ എം എസും ഹൃദയത്തോട് ചേർത്തുപിടിച്ചവരാണ് മലബാർ സമര പോരാളികൾ. അവരെ ആർഎസ്എസ് ഇടപെടലിൽ ചരിത്രത്താളുകളിൽനിന്ന് വെട്ടിമാറ്റുമ്പോൾ ചെറുതാകുന്നത് ഐസിഎച്ച്ആർ എന്ന ചരിത്രബോധമില്ലാത്ത സംഘപരിവാർ ശാഖയാണ്. മലബാർ സമര പോരാളികൾ ജനമനസ്സുകളിൽ ജീവിക്കും.
സ്വാതന്ത്ര്യം ലഭിച്ച് ഇരുപത് വർഷത്തിനുശേഷമാണ് മലബാർ സമരം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കേന്ദ്രം ഭരിച്ച കോൺഗ്രസ് അംഗീകരിച്ചത്. ഇത് ഇടതുപക്ഷ ചരിത്രകാരൻമാരുടെ നിരന്തര ഇടപെടലിന്റെ ഫലമായാണ്. കാർഷികമേഖലയിലെ ചൂഷണങ്ങൾക്കെതിരായ മലബാർ സമരത്തിന് മതത്തിന്റെ നിറം നൽകിയത് അന്നത്തെ കോൺഗ്രസ് നേതൃത്വമാണ്. ഹിന്ദുക്കൾക്കെതിരായ സംഘടിത കലാപമായിരുന്നില്ല സമരം.