തിരുവനന്തപുരം
അഴിച്ചുപണിയെ ചൊല്ലി കോൺഗ്രസിൽ ഏറ്റുമുട്ടൽ രൂക്ഷമായിരിക്കെ ഡിസിസി പ്രസിഡന്റുമാരുടെ അന്തിമപട്ടികയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഡൽഹിയിലെത്തി. ഇതിനിടയിലും സൈബർപോരിന് കുറവില്ല. രമേശ് ചെന്നിത്തലയും മകൻ രോഹിതും പുറത്തുപോകണമെന്ന് കോൺഗ്രസ് സൈബർ ഒഫിഷ്യൽ ടീം ഫെയ്സ് ബുക്കിൽ കുറിച്ചു. ഡിസിസി പ്രസിഡന്റ് പട്ടിക വന്നാൽ പ്രതിഷേധിക്കണമെന്ന് ആഹ്വാനം ചെയ്ത രമേശ് ചെന്നിത്തലയുടെ അനുയായികളുടെ ‘ആർസി ബ്രിഗേഡി’ന്റെ വാട്സാപ് ഗ്രൂപ്പിനുള്ള മറുപടിയായാണ് എഫ്ബി കുറിപ്പ്.
കോൺഗ്രസ് സൈബർ ഒഫിഷ്യൽ ടീമിന്റെ ഫെയ്സ് ബുക്ക് കൂട്ടായ്മയിൽ ചെന്നിത്തലയ്ക്കും മകനും കടുത്ത വിമർശമാണ്. പാർടിയെ നശിപ്പിക്കാതെ ചെന്നിത്തല മാന്യമായി പുറത്തുപോകണമെന്നാണ് ആവശ്യം. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പിന്തുണയ്ക്കുന്നവരാണ് ഈ കൂട്ടായ്മയ്ക്ക് ചരട് വലിക്കുന്നത്. ഗ്രൂപ്പ് പോര് മുറുകുന്നതിനിടെയാണ് സുധാകരനും സതീശനും ചേർന്ന് അന്തിമ പട്ടിക തയ്യാറാക്കിയത്. നാല് ജില്ലയിൽ ഒഴികെ ഒറ്റപ്പേര് ആയിട്ടുണ്ട്. ഉമ്മൻചാണ്ടിയെയും ചെന്നിത്തലയെയും ഏഴയലത്ത് അടുപ്പിക്കാതെയാണ് അവസാന പട്ടിക തയ്യാറാക്കിയത്. ഏറെ അടുപ്പക്കാരായിരുന്ന സതീശനും ചെന്നിത്തലയും ഇപ്പോൾ ബദ്ധവൈരികളാണ്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ അംഗീകാരവും അന്തിമ പട്ടികയ്ക്കുണ്ട്. ഹൈക്കമാൻഡിന് കൈമാറുന്ന പട്ടിക രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ പുറത്തുവിടും.
തിരുവനന്തപുരത്ത് ശശി തരൂരിന്റെ നോമിനിയായ ജി എസ് ബാബുവിനും കൊല്ലത്ത് കൊടിക്കുന്നിൽ സുരേഷ് നിർദേശിച്ച പി രാജേന്ദ്രപ്രസാദിനുമാണ് മുൻതൂക്കം. കോട്ടയത്ത് ഒറ്റപ്പേരിൽ എത്തിയിട്ടില്ലെങ്കിലും നാട്ടകം സുരേഷിനാണ് സാധ്യത. പാലക്കാട് വേണുഗോപാലിന്റെ നോമിനിയായി എ തങ്കപ്പന് മുൻഗണനയുണ്ട്. നേതൃമാറ്റത്തിന് തലമുറ മാറ്റം എന്നാണ് പറയുന്നതെങ്കിലും പട്ടികയിലെ ഭൂരിപക്ഷവും 65ന് മുകളിലുള്ളവരാണ്.