മലബാർ സമരത്തിനു നേതൃത്വം നൽകിയവരെ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കാനുള്ള നീക്കം ഞെട്ടിപ്പിച്ചെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബ്രിട്ടീഷ്വിരുദ്ധ മുന്നേറ്റങ്ങളിൽ ഒന്നായിരുന്നു അത്.
സ്വാതന്ത്ര്യസമരത്തിൽ പങ്കൊന്നുമില്ലാത്ത ആർഎസ്എസിനും ബിജെപിക്കും ഈ ചരിത്രപോരാട്ടത്തെ വർഗീയതയുടെ കണ്ണടവച്ചേ കാണാനാകൂ. ബ്രിട്ടീഷുകാരുടെ പിന്തുണയുണ്ടായിരുന്ന ജന്മി ഭൂവുടമകൾക്കെതിരെ നടന്ന പോരാട്ടത്തെ ഹിന്ദു–-മുസ്ലിം ഏറ്റുമുട്ടലായി അവർ ചിത്രീകരിക്കുന്നു. ഈ സമരത്തിൽ പങ്കെടുത്തവർക്കുനേരെ ബ്രിട്ടീഷുകാർ നടത്തിയ ക്രൂരമായ അടിച്ചമർത്തൽ ആർക്കും വിസ്മരിക്കാൻ കഴിയില്ല. ബ്രിട്ടീഷ് സൈന്യത്തിന്റെ വെടിവയ്പിലും ക്യാമ്പുകളിലെ ക്രൂരമായ പീഡനത്തിലും ആയിരങ്ങൾ കൊല്ലപ്പെട്ടു. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാരും അടക്കമുള്ളവർ ബ്രിട്ടീഷ്വിരുദ്ധ പോരാട്ടത്തിലെ വീരനായകരായി എല്ലാ കാലത്തും ഓർമിക്കപ്പെടും.