കൊച്ചി
കാക്കനാട്ടെ ഫ്ലാറ്റിൽ എംഡിഎംഎ പിടിച്ച സംഭവത്തിൽ രണ്ട് കേസ് എടുക്കേണ്ടിവന്നത് നടപടിക്രമത്തിലെ സാങ്കേതികത്വം പാലിക്കാനെന്ന് എക്സൈസ് അസിസ്റ്റന്റ് കമീഷണർ. രണ്ട് കേസെടുത്ത് അന്വേഷണം അട്ടിമറിച്ചെന്ന ആക്ഷേപത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രണ്ടാംപരിശോധനയോടെയാണ് 1.084 കിലോഗ്രാം എംഡിഎംഎ കണ്ടെത്തിയത്. ആദ്യം 84 ഗ്രാം പിടിച്ചത് പ്രതികളുടെ സാന്നിധ്യത്തിലാണ്. പിന്നീട് ഒരുകിലോ എംഡിഎംഎ കണ്ടെത്തുമ്പോൾ പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ആദ്യകേസിന്റെ അനുബന്ധമായാണ് രണ്ടാംകേസ് എടുത്തത്. അത് കേസിന്റെ ഗൗരവം കുറയ്ക്കില്ലെന്നും അസിസ്റ്റന്റ് കമീഷണർ ബാബു വർഗീസ് പറഞ്ഞു.
എറണാകുളം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് വിഭാഗവും കസ്റ്റംസ് പ്രിവന്റീവും ചേർന്നാണ് എംഡിഎംഎ പിടികൂടിയത്. ഏഴുപേർ പിടിയിലായി. രണ്ടുപേരെ കുറ്റക്കാരല്ലെന്നു കണ്ട് ഒഴിവാക്കി. 84 ഗ്രാം എംഡിഎംഎ ഉൾപ്പെടെ അഞ്ചു പ്രതികളെ റേഞ്ച് ഓഫീസിന് കൈമാറി. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് കോടതിയിലെത്തിച്ചു. കൂടുതൽ എംഡിഎംഎ ഒളിപ്പിച്ചിട്ടുണ്ടെന്ന രഹസ്യവിവരം കിട്ടിയതോടെ നടത്തിയ പരിശോധനയിൽ ഒരുകിലോ എംഡിഎംഎകൂടി കണ്ടെത്തി. കേസും എടുത്തു. ആദ്യകേസുമായി ബന്ധിപ്പിച്ചാണ് രണ്ടാമത്തെ കേസ്.
പ്രതികളുടെ അസാന്നിധ്യത്തിൽ രണ്ടാമത് എംഡിഎംഎ പിടിച്ചതിനാൽ നടപടിക്രമങ്ങൾ പാലിക്കേണ്ടിവരും. കേസ് അട്ടിമറിച്ചുവെന്ന മാധ്യമവാർത്ത ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്താനാണ്. 1.084 കിലോഗ്രാം എംഡിഎംഎയുടെ യഥാർഥ വില ഗ്രാമിന് ഒരുലക്ഷം എന്നു കണക്കാക്കിയാൽ 11 കോടി രൂപ വരും. അത് യഥാർഥ വിലയാകണമെന്നില്ല. 10 ഗ്രാം എംഡിഎംഎ കൈവശം വയ്ക്കുന്നത് 10 മുതൽ 20 വർഷംവരെ ജയിൽശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പ്രതികളെ കൂടുതൽ തെളിവെടുപ്പിനായി എക്സൈസ് കസ്റ്റഡിയിൽ വാങ്ങുമെന്ന് അസിസ്റ്റന്റ് കമീഷണർ പറഞ്ഞു. അതിനായി കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. പിടികൂടിയ എംഡിഎംഎ രാസപരിശോധനയ്ക്ക് അയച്ചു.