തിരുവനന്തപുരം
കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനൽ കോംപ്ലക്സ് വ്യാഴാഴ്ച തുറന്നുകൊടുക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വാർത്താസമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് ഗതാഗത മന്ത്രി താക്കോൽ കൈമാറി കെട്ടിടം തുറക്കും. മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. നിർമാണം പൂർത്തിയാക്കി അഞ്ച് വർഷത്തിനുശേഷമാണ് മാവൂർ റോഡിലെ ബസ് ടെർമിനൽ കോംപ്ലക്സ് വ്യാപാരത്തിനായി തുറക്കുന്നത്. കെഎസ്ആർടിസിയുടെ സ്ഥലത്ത് കെടിഡിഎഫ്സി 75 കോടി രൂപ വിനിയോഗിച്ചാണ് നാല് ലക്ഷത്തോളം ചതുരശ്രഅടിയിൽ ബഹുനില കെട്ടിടം നിർമിച്ചത്. 30 വർഷത്തേക്ക് ആലിഫ് ബിൽഡേഴ്സിനാണ് കെട്ടിടത്തിന്റെ നടത്തിപ്പ് കരാർ.
2009ൽ ആരംഭിച്ച് 2015ൽ നിർമാണം പൂർത്തീകരിച്ചെങ്കിലും കെഎസ്ആർടിസിയും കെടിഡിഎഫ്സിയും കരാറുകാരും തമ്മിലുള്ള തർക്കത്തിൽ കെട്ടിടം തുറക്കാനായില്ല. ഈ സർക്കാർ അധികാരമേറ്റശേഷം നടത്തിയ ചർച്ചകളിലാണ് കോംപ്ലക്സ് തുറക്കാൻ ധാരണയായത്. കരാർ പ്രകാരം മടക്കി നൽകേണ്ടാത്ത നിക്ഷേപമായി 17 കോടി രൂപയും പ്രതിമാസം 43.20 ലക്ഷം രൂപ വാടകയും വരുമാനമായി കെടിഡിഎഫ്സിക്ക് ലഭിക്കും. മൂന്ന് വർഷം കൂടുമ്പോൾ വാടകയിൽ 10 ശതമാനം വർധനയുണ്ടാകും. 30 വർഷംകൊണ്ട് 250 കോടിയിൽപ്പരം രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷ.
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി തുറക്കുന്ന ബസ് ടെർമിനൽ കോംപ്ലക്സ് കോഴിക്കോട് നഗരത്തിന്റെ വ്യാപാര വാണിജ്യമേഖലയ്ക്ക് കുതിപ്പേകുമെന്നും മന്ത്രി പറഞ്ഞു.