ലീഡ്സ്
ലോർഡ്സ് ആവർത്തിക്കാൻ ഇന്ത്യ. ഇംഗ്ലണ്ടുമായുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് ലീഡ്സിൽ. 2002ൽ സൗരവ് ഗാംഗുലിക്കുകീഴിൽ ഇംഗ്ലണ്ടിനെ ഇന്നിങ്സിനും 46 റണ്ണിനും തോൽപ്പിച്ചതിനുശേഷം ആദ്യമായാണ് ഇന്ത്യ ലീഡ്സിൽ കളിക്കാനിറങ്ങുന്നത്. വിരാട് കോഹ്–ലിയുടെ ടീമിൽ മാറ്റമുണ്ടാകില്ല. അഞ്ചു മത്സരപരമ്പരയിൽ ഇന്ത്യ 1–0നുമുന്നിലാണ്.
ലോർഡ്സിലെ 151 റണ്ണിന്റെ വമ്പൻ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ എത്തുന്നത്. പേസർമാരുടെയും ഓപ്പണർമാരുടെയും മികവിലാണ് കളി പിടിച്ചത്. ലോകേഷ് രാഹുലും രോഹിത് ശർമയും ബാറ്റിലും മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ജസ്—പ്രീത് ബുമ്ര എന്നിവർ പന്തിലും കരുത്തുകാട്ടി. ബുമ്രയുടെയും ഷമിയുടെയും ബാറ്റുകൊണ്ടുള്ള പ്രകടനവും ജയത്തിൽ നിർണായകമായി. ഇംഗ്ലീഷുകാർക്ക് സ്വന്തം തട്ടകത്തിൽ ഇതുവരെ തിളങ്ങാനായിട്ടില്ല. ക്യാപ്റ്റൻ ജോ റൂട്ടൊഴികെയുള്ള ബാറ്റ്സ്മാൻമാർ നിരാശപ്പെടുത്തി.